
വാഷിങ്ടൺ: അമേരിക്കയിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. മിഷിഗണിലെ ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അക്രമി വാഹനം ജൂത ദേവാലയത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അക്രമിയെ സുരക്ഷാജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. അക്രമിയുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.
പന്ത്രണ്ടായിരം അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ അറിയിച്ചു.
മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായത്. കൊല്ലപ്പെട്ട അക്രമി മിഷിഗനിൽ താമസിക്കുന്ന ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. അക്രമത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്തത് ഈയാളുടെ പേരിൽലാണ്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം.











