04:18am 13 November 2026
NEWS
ഗൾഫിലെ യുദ്ധം ആഗോള പ്രതിസന്ധിക്ക് വഴിവെക്കും:ഖത്തർ പ്രധാനമന്ത്രി
09/03/2026  02:41 PM IST
NILA
ഗൾഫിലെ യുദ്ധം ആഗോള പ്രതിസന്ധിക്ക് വഴിവെക്കും:ഖത്തർ പ്രധാനമന്ത്രി

 

ദോഹ: ഗൾഫ് മേഖലയിലെ നിലവിലെ യുദ്ധസാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും തകിടം മറിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇറാന്റെ ആക്രമണങ്ങളിൽ നാലിലൊന്നും (25%) ലക്ഷ്യം വെക്കുന്നത് സൈനികേതര സൗകര്യങ്ങളെയും ജനവാസ മേഖലകളെയുമാണ്. സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നത് എന്ന ഇറാന്റെ അവകാശവാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു.
ലോകത്തിലെ മൊത്തം വാതക വിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഖത്തറിലുണ്ടാകുന്ന ഏത് പ്രത്യാഘാതവും ആഗോള ഊർജ്ജ വിപണിയെ സ്തംഭിപ്പിക്കും. കൂടാതെ ലോകത്തെ പ്രധാന വളം ഉൽപ്പാദക രാജ്യമായ ഖത്തറിലെ അസ്ഥിരത ആഗോള ഭക്ഷ്യലഭ്യതയെയും ബാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ തീരുമാനം വലിയൊരു തന്ത്രപരമായ പിഴവാണ്. ഇത് മേഖലയിലെ സമാധാന ശ്രമങ്ങളെ പാടേ തകർത്തു. എന്നിരുന്നാലും, സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് അദ്ദേഹം ആവർത്തിച്ചു.
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള തർക്കങ്ങളിലേക്ക്, ഒരു തരത്തിലും ഭാഗമാകാൻ ആഗ്രഹിക്കാത്ത രാജ്യങ്ങളെ നിർബന്ധപൂർവ്വം വലിച്ചിഴയ്ക്കുകയാണ്. യുദ്ധം ആഗ്രഹിക്കാത്ത ഗൾഫ് രാജ്യങ്ങൾ ഇന്ന് സംഘർഷത്തിന്റെ മുൻനിരയിൽ നിൽക്കേണ്ടി വരുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img