
ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലുടനീളം ഒരൊറ്റ വിസയിലൂടെ യാത്ര സാധ്യമാക്കുന്ന ‘വൺ-സ്റ്റോപ്പ് ട്രാവൽ’ സംവിധാനത്തിന് ജിസിസി ആഭ്യന്തര മന്ത്രിമാർ ഔദ്യോഗിക അംഗീകാരം നൽകി. കുവൈത്തിൽ നടന്ന 42-ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന്റെ അവസാനം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത മാസം
യുണൈറ്റഡ് അറബ് എമിറേറ്റ്സ്–ബഹ്‌റൈൻ ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.പരീക്ഷണം വിജയകരമായാൽ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ ഉൾപ്പെടെ മറ്റു ജിസിസി അംഗരാജ്യങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും. പുതിയ സംവിധാനത്തോടെ യാത്രക്കാരുടെ ഇമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ എല്ലാം ഒരു ചെക്ക്‌പോയിന്റിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കും. ഇതോടെ ഓരോ രാജ്യത്തിന്റെ അതിർത്തി കവാടങ്ങളിൽ വീണ്ടും പരിശോധനകൾക്കായി നിൽക്കേണ്ട സാഹചര്യം ഒഴിവാകുകയും അതിർത്തി ഗതാഗതം വേഗത്തിലും കാര്യക്ഷമമായും മാറുകയും ചെയ്യുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു.
യാത്രാസൗകര്യങ്ങളുടെ ഏകീകരണവും ഗൾഫ് പൗരന്മാർക്കുള്ള സുതാര്യമായ യാത്രയും ലക്ഷ്യമിട്ടുള്ള നടപടി ജിസിസിമേഖലയിൽ നിരവധിയായ സാമ്പത്തിക–സാമൂഹിക ഗുണങ്ങൾ സൃഷ്ടിക്കും.










