10:41am 12 November 2026
NEWS
ദോഹയിൽ ഇന്ന് ഗൾഫ് കായിക മാമാങ്കത്തിന് തുടക്കം; നാലാമത് ജിസിസി ഗെയിംസിന് അൽ ഷഖാബ് അരീനയിൽ വർണ്ണാഭമായ തുടക്കം
11/05/2026  05:32 PM IST
nila
ദോഹയിൽ ഇന്ന് ഗൾഫ് കായിക മാമാങ്കത്തിന് തുടക്കം; നാലാമത് ജിസിസി ഗെയിംസിന് അൽ ഷഖാബ് അരീനയിൽ വർണ്ണാഭമായ തുടക്കം

ദോഹ: കായിക പ്രേമികൾ കാത്തിരുന്ന നാലാമത് ജിസിസി ഗെയിംസിന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് തിരിതെളിയും. വൈകുന്നേരം ദോഹയിലെ പ്രശസ്തമായ അൽ ഷഖാബ് അരീനയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുന്നത്. മെയ് 22 വരെ നീണ്ടുനിൽക്കുന്ന കായിക മേളയിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്.300 അംഗങ്ങളുള്ള കരുത്തുറ്റ സംഘവുമായാണ് ഖത്തർ സ്വന്തം മണ്ണിൽ പോരാട്ടത്തിനിറങ്ങുന്നത്.ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സാഹോദര്യവും വിളംബരം ചെയ്യുന്ന 'വൺ ഗൾഫ്, വൺ ഹാർട്ട്' (One Gulf, One Heart) എന്ന പ്രത്യേക ഓപ്പറേറ്റ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യ ആകർഷണമാകും. വിവിധ ജിസിസി രാജ്യങ്ങളിലെ നാഷണൽ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും. ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽതാനിയുടെ മേൽനോട്ടത്തിലാണ് ഖത്തറിന്റെ കായിക മികവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ആകെ 17 കായിക ഇനങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.
ഹാൻഡ്‌ബോൾ, അത്‌ലറ്റിക്സ്, വോളിബോൾ, നീന്തൽ, ഷൂട്ടിംഗ്, ഇക്വസ്ട്രിയൻ (കുതിരസവാരി), പാഡൽ, തായ്‌കൊണ്ടോ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.അത്‌ലറ്റിക്സ്, ഷൂട്ടിംഗ്, ആർച്ചറി തുടങ്ങി ഏഴോളം ഇനങ്ങളിൽ വനിതാ താരങ്ങൾ സജീവമായി പങ്കെടുക്കുന്നുണ്ട്.ഔദ്യോഗിക മത്സരങ്ങൾ നാളെ (ചൊവ്വ) മുതൽ ആരംഭിക്കും.ലോകനിലവാരത്തിലുള്ള കായിക പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ചൊരു എഡിഷൻ കാഴ്ചവെക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. മുൻപ് നടന്ന മൂന്ന് ജിസിസി ഗെയിംസുകളിലും കുവൈറ്റും സൗദി അറേബ്യയുമാണ് മെഡൽ പട്ടികയിൽ ആധിപത്യം പുലർത്തിയിരുന്നത്. ഇത്തവണ സ്വന്തം നാട്ടുകാർക്ക് മുന്നിൽ മികച്ച നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് ഖത്തർ താരങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img