11:00am 18 January 2026
NEWS
ആയിരങ്ങള്‍ക്ക് ആശ്വാസമായി
ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്
ബെന്നി ബഹനാന്‍ മുഖ്യഅതിഥി

28/10/2019  04:16 AM IST
ഐ.എം.എ. റഫീഖ് ദോഹ
ആയിരങ്ങള്‍ക്ക് ആശ്വാസമായി ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്
HIGHLIGHTS

GULF NEWS :- മെഡിക്കല്‍ ക്യാമ്പ് എന്നതിലുപരി പ്രവാസലോകത്ത് ഇന്ത്യക്കാര്‍  നടത്തുന്ന ആരോഗ്യസേവനമേഖലയുടെ തെളിവാണ് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ബെന്നി ബഹനാന്‍ എം.പി. പറഞ്ഞു

താഴ്ന്നവരുമാനക്കാര്‍ക്കുവേണ്ടി ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി.)യും ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബും (ഐ.ഡി.സി.) സംയുക്തമായി സംഘടിപ്പിച്ച 17-ാമത് സൗജന്യഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വന്‍വിജയം. ആയിരക്കണക്കിന് സാധുക്കള്‍ക്ക് ക്യാമ്പ് ആശ്വാസമായി. മികച്ചസൗകര്യങ്ങളോടെ ഒരു മെഡിക്കല്‍ ക്യാമ്പ് 17 വര്‍ഷമായി സംഘടിപ്പിക്കുന്നത് അത്യധ്വാനമുള്ള കാര്യമാണെന്നും അതിന് എംബസിയുടെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും ക്യാമ്പ് ഉത്ഘാടനം ചെയ്ത ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു. ഏഷ്യന്‍രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് ക്യാമ്പ്. ഖത്തറിലെ പൊതുജനാരോഗ്യമേഖല ഏറെ മികച്ചതാണ്. അത്യാധുനിക വൈദ്യസേവനമാണ് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഖത്തറിന്റെ ആരോഗ്യസംവിധാനങ്ങളുമായി ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്  സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. കേവലമൊരു മെഡിക്കല്‍ ക്യാമ്പ് എന്നതിലുപരി പ്രവാസലോകത്ത് ഇന്ത്യക്കാര്‍  നടത്തുന്ന ആരോഗ്യസേവനമേഖലയുടെ തെളിവാണ് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ബെന്നി ബഹനാന്‍ എം.പി. പറഞ്ഞു.  കേരളസര്‍ക്കാറിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ഈ വിഷയം താന്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് കെ.സി. അബ്ദുള്‍ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ. ജോയല്‍ ജേക്കബ് , പ്രൈമറി ഹെല്‍ത് സെന്റര്‍ ഓപറേഷന്‍സ് എക്‌സിക്യുട്ടീവ്  ഡയറക്ടര്‍ ഡോ. സമിയ അല്‍ അബ്ദുല്ല, തുമാമ ഹെല്‍ത് സെന്റര്‍ ഡയറക്ടര്‍ ഡോ.ഹനാദി അല്‍ഹൈല്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വെള്ളിയാഴ്ച രാവിലെ 6.30മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ പൗരന്‍മാര്‍ക്ക് മികച്ച സേവനമാണ് ക്യാമ്പില്‍ ലഭിച്ചത്. 2500ല്‍പ്പരം ആള്‍ക്കാരാണ് പങ്കെടുത്തത്. 2000 റിയാലില്‍ താഴെ മാസവരുമാനമുള്ള, മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ  പരിശോധനയും തുടര്‍ചികില്‍സയും ലഭ്യമാക്കി. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മറ്റ് ടെസ്റ്റുകള്‍ നടത്താനുള്ള  സൗകര്യവുമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം  നടന്ന ആരോഗ്യബോധവത്കരണ പരിപാടിയില്‍ 'ഹൃദയസ്തംഭനം: പ്രതിരോധമാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. ദിലു വിശ്വനാഥനും 'തൊഴില്‍സംബന്ധമായ രോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ ഡോ. ശ്രീകുമാര്‍ പത്മനാഭനും ക്ലാസെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്‌കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  രാജ്യത്തെ പ്രധാന ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഉരീദുവായിരുന്നു പ്രധാനപ്രായോജകര്‍. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം, യുനൈറ്റഡ് നഴ്‌സസ് ഇന്ത്യ ഖത്തര്‍, കേരള ഫാര്‍മസിസ്റ്റ് ഫോറം ഖത്തര്‍, അല്‍ജാബിര്‍ ഒപ്റ്റിക്കല്‍സ്, ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ് എന്നിവയും ക്യാമ്പിന്റെ  വിവിധ മേഖലകളുമായി സഹകരിച്ചു.

ലേഖകന്‍ - ഐ.എം.എ. റഫീഖ് ദോഹ
അങ്കമാലി അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ ദോഹയിലെ  കോൺഗ്രസ് പ്രവർത്തകരോടൊപ്പം 

Photo Courtesy - ഐ.എം.എ. റഫീഖ് ദോഹ

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img