01:55am 03 April 2026
NEWS
ഗൾഫ് മലയാളികളുടെ ആശങ്ക
14/03/2026  06:49 AM IST
nila
ഗൾഫ് മലയാളികളുടെ ആശങ്ക

 

യു.എസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ വ്യോമാക്രമണവും, ആ രാജ്യത്തിന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനിയെ വധിച്ചതും ഗൾഫ് മേഖലയിലുണ്ടാക്കിയ സംഘർഷാത്മക സ്ഥിതി കേരളത്തിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഇറാഖ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സേനാ താവളങ്ങളിലേക്കുണ്ടായ പ്രത്യാക്രമണം ആശങ്കയോടെയേ ഇന്ത്യക്ക് നോക്കിക്കാണാനാവൂ.
പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യാക്കാർ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ മലയാളികളുടെ ഏറ്റവും വലിയ പ്രവാസ ഭൂമിയാണ്. വിമാനത്താവളങ്ങൾ അടച്ചതും വിമാനസർവ്വീസ് റദ്ദാക്കിയതും മൂലം മാത്രം മലയാളികൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ ചെറുതല്ല. സംഘർഷം രൂക്ഷമായാൽ എന്തുചെയ്യുമെന്നുള്ള ആശങ്കയിലാണ് ഗൾഫ് മേഖലയിലെ പ്രവാസികൾ മുഴുവനും.

ഇന്ത്യാ രാജ്യത്തിന്റെ ഊർജ്ജ, വ്യാപാരശൃംഖല പശ്ചിമേഷ്യയിലൂടെയാണ് കടന്നുപോകുന്നതെന്നതിനാൽ ഈ മേഖലയിലെ ഏതൊരു പ്രതിസന്ധിയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. അതുകൊണ്ടുതന്നെ വെടിനിർത്തലിനും സംഘർഷവ്യാപനം തടയുന്നതിനും ആവശ്യമായ നയതന്ത്ര ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ഇന്ത്യ തയ്യാറാകണം.

അയത്തുല്ല ഖമനിയുടെ പിൻഗാമിയായി മകൻ മുജ്തബ് ഖമനിയെ തിരഞ്ഞെടുത്തതോടെ മുജ്തബ ഇറാന്റെ പരമോന്നത നേതാവായിരിക്കുന്നു. പുതിയ നേതാവിന് അധികകാലം തുടരാനാവില്ലെന്ന ട്രംപിന്റെ ഭീഷണി സംഘർഷം ശക്തിപ്പെട്ടേക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ഗൾഫിൽ ഇനി ആക്രമണം ഉണ്ടാവില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ മാർച്ച് 7 ന് പറഞ്ഞപ്പോൾ ലോകം മുഴുവൻ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ പിന്നാലെ പ്രസിഡന്റിനെ തിരുത്തി ഇറാൻസേനയുടെ വിശദീകരണം വന്നു. അമേരിക്കയ്ക്ക് ഇടം കൊടുക്കാത്ത ഒരു രാജ്യത്തെയും ഇറാൻ ആക്രമിച്ചിട്ടില്ലെന്നായിരുന്നു ഇറാൻ സായുധസേന വക്താവിന്റെ വിശദീകരണം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെങ്കിലും അവിടയെല്ലാം യു.എസ് താവളങ്ങൾ ഉള്ളതിനാൽ ആക്രമണം തുടരുമെന്ന ഇറാന്റെ നിലപാട് മേഖലയിൽ അവരെ കൂടുതൽ ഒറ്റപ്പെടുത്താനേ ഉപകരിക്കൂ.

ഗൾഫിലെ യു.എസ് താവളങ്ങൾക്ക് നേരേയല്ല ദുബായ് രാജ്യാന്തര വിമാനത്താവളം,  സൗദിയുടെ മുഖ്യ റിഫൈനറി സിവിലിയൻ കേന്ദ്രങ്ങൾ എന്നിവയുടെയെല്ലാം നേരെ ഇറാൻ ആക്രമണം വ്യാപിപ്പിക്കുന്നത് അവരെ കൂടുതൽ ഒറ്റപ്പെടുത്തുകയേ ഉള്ളൂ. ഇറാന്റെ കൂട്ടാളികളായ ഹമാസ്, ഹൂതി, ഹിസ്ബുള്ള ഗ്രൂപ്പുകൾ വളരെയധികം ക്ഷീണിതരാണ്. സിറിയ ഇറാനുമായി അടുപ്പമുണ്ടായിരുന്ന രാജ്യമാണെങ്കിലും ഇപ്പോൾ അവിടെ ഭരണം നടത്തുന്നത് അമേരിക്ക വാഴിച്ച മുഹമ്മദ് അൽ ജുലാനിയാണ്. ഇറാന്റെ കൂട്ടാളികളെന്ന് പടിഞ്ഞാറൻ ലോകം വിശേഷിപ്പിക്കുന്ന റഷ്യയോ ചൈനയോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങി ഇറാൻ ഒഴിച്ചുള്ള അറബ് രാജ്യങ്ങളുമായി ട്രംപ് തന്ത്രപരമായ സാമ്പത്തിക സഹകരണം ഉണ്ടാക്കിയിട്ടുള്ളതിനാൽ പുതിയ ഗൾഫ് ഇറാനുവേണ്ടി അമേരിക്കയുമായി ഒരു ഏറ്റുമുട്ടലിന് നിൽക്കില്ല.
തങ്ങൾക്കിഷ്ടമുള്ള ഭരണാധികാരിയെ ഇറാനിൽ അധികാരത്തിൽ എത്തിക്കുന്നതുവരെ സംയുക്തനീക്കം തുടരുമെന്ന ട്രംപിന്റെയും ബെഞ്ചമിൻ നെതന്യാഹുവിന്റെയും നിലപാട് ഗൾഫ് മേഖലയിലെ സമാധാനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.