05:51pm 18 April 2026
NEWS
വിമർശകർക്ക് മറുപടി നൽകി ​ഗുകേഷ്
04/06/2025  06:24 PM IST
nila
വിമർശകർക്ക് മറുപടി നൽകി ​ഗുകേഷ്

അഞ്ച് മാസം മുമ്പ് സിംഗപ്പൂരിൽ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഗുകേഷ് ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായതിനുശേഷം വലിയ വിമർശനങ്ങളാണ് ഈ ഇന്ത്യൻ താരം ഏറ്റുവാങ്ങിയത്. 2023-ൽ മാ​ഗ്നസ് കാൾസൺ എന്ന ചെസ് ഇതിഹാസതാരം മത്സരത്തിൽ നിന്നും പിന്മാറിയതിനാലാണ്  ഡിംഗ് ലിറൻ ചാമ്പ്യനായതെന്നും അതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ വർഷം ഡിംഗ് ലിറനെ പരാജയപ്പെടുത്തി ലോക ചെസ് കിരീടം നേടാൻ ഇന്ത്യയുടെ കൗമാരതാരമായ ഡി ​ഗുകേഷിന് സാധിച്ചതെന്നുമായിരുന്നു വിമർശകർ പറഞ്ഞിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ ഞയറാഴ്ച്ച നോർവെ ചെസ് ചാമ്പ്യൻഷിപ്പിൽ സാക്ഷാൽ മാ​ഗ്നസ് കാൾസണെ തന്നെ ഡി ​ഗുകേഷ് അടിയറവ് പറയിച്ചതോടെ ഈ സിദ്ധാന്തക്കാരുടെ കുന്തമുന ഒടിഞ്ഞു.

സ്റ്റാവാഞ്ചറിൽ നടന്ന നോർവേ ചെസിന്റെ ആറാം റൗണ്ടിൽ ക്ലാസിക്കൽ ചെസ്സിൽ ഗുകേഷ് ആദ്യമായി കാൾസണെ പരാജയപ്പെടുത്തിയതോടെയാണ് ഡി ​ഗുകേഷിന്റെ വിമർശകർക്ക് ആയുധം നഷ്ടമായത്. കാൾസണും താങ്ങാനാകുന്നതിൽ അപ്പുറമായിരുന്നു അത്. അതിനാലാണ് മേശയിലടിച്ച് കാൾസൺ തന്റെ അരിശം തീർത്തത്. 

 ടൂർണമെന്റിന്റെ ഒന്നാം റൗണ്ടിൽ ഗുകേഷിനെ കാൾസൺ പരാജയപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ കാൾസൺ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. നീ രാജാവിനെ നേരിടാൻ വരുന്നു, നഷ്ടപ്പെടുത്താതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ആ സന്ദേശം. ക്ലാസിക്കൽ ചെസിന്റെ 'രാജാവ്' എന്ന് കാൾസൺ സ്വയം വിശേഷിപ്പിക്കുന്നതായി ആരാധകർ പോസ്റ്റ് വ്യാഖ്യാനിച്ചു. എന്നാൽ, പിന്നീട് നടന്ന മത്സരത്തിൽ അതേ ക്ലാസിക്കൽ ചെസിൽ കാൾസണെ ഡി ​ഗുകേഷ് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ കാൾസണെ പരാജയപ്പെടുത്താൻ ​ഗുകേഷിന് കഴിയില്ലെന്ന വാദമുയർത്തിയവരും നിശബ്ദരായിരിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img