
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ചരിത്ര ഫൈനലിനരികെ. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ കേരളത്തിന് രണ്ട് റൺസിന്റെ ലീഡാണ് നേടാനായത്. ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് മറികടക്കാൻ ഗുജറാത്തിന് കഴിഞ്ഞില്ല. 455 റൺസെടുത്ത് ഗുജറാത്ത് പുറത്തായതോടെയാണ് കേരളത്തിന് ഫൈനലിലേക്കുള്ള വഴിയൊരുങ്ങുന്നത്. രണ്ടു ടീമുകളുടെയും രണ്ടാം ഇന്നിങ്സ് കൂടി പൂർത്തിയായി ഫലനിർണയത്തിനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് തന്നെ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീം ഫൈനലിൽ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്.
രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടനമാണ് ടീം കേരള കാഴ്ച്ചവെച്ചത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആതിഥേയരായ ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത് സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ്. 175–ാം ഓവറിൽ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാൻ നാഗ്‍വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയർന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമാകുകയായിരുന്നു.