12:51pm 30 April 2026
NEWS
​ഗുജറാത്ത് കലാപം: മോദി പറയാതെ പറഞ്ഞത് ബിജെപിക്കുള്ളിൽ തനിക്കെതിരെ നടന്ന നീക്കത്തിനെതിരെയോ?
18/03/2025  11:30 AM IST
nila
​ഗുജറാത്ത് കലാപം: മോദി പറയാതെ പറഞ്ഞത് ബിജെപിക്കുള്ളിൽ തനിക്കെതിരെ നടന്ന നീക്കത്തിനെതിരെയോ?
HIGHLIGHTS

അടൽ ബി​ഹാരി വാജ്പേയിയെയും പാർട്ടിയേയും ആർ എസ് എസിനെ തന്നെയും മറികടന്ന് മോദി ഒരു ബ്രാൻഡായി മാറുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. ​​

പതിറ്റാണ്ടുകൾക്ക് ശേഷമാണ് 2002ലെ ​ഗുജറാത്ത് കലാപത്തെ കുറിച്ച് നരേന്ദ്രമോദി വ്യക്തമായി പ്രതികരിക്കുന്നത്. എന്നാൽ, മോദിയുടെ പ്രതികരണത്തിൽ വ്യക്തമാക്കുന്നത് ബിജെപിക്കുള്ളിൽ നരേന്ദ്രമോദിക്കെതിരെ നടന്ന ​ഗൂഢാലോചനയെ കുറിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് തങ്ങളുടെ രാഷ്ട്രീയ എതിരാളികളായിരുന്നു എന്നാണ് മോദി പറഞ്ഞത്. അടൽ ബി​ഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരായിരുന്നു 2002ലെ ​ഗുജറാത്ത് കലാപ സമയത്ത് കേന്ദ്രത്തിൽ അധികാരത്തിലിരുന്നത്. ഇത് അറിയാത്ത ആളല്ല നരേന്ദ്രമോദി. മറന്നു പോകാനും ഇടയില്ല. അപ്പോൾ ബോധപൂർവമായ പരാമർശം തന്നെയാകാം  ഇതെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

2002ൽ അന്ന് ​ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കലാപം അവസാനിപ്പിക്കാനും അടിച്ചമർത്താനും സംസ്ഥാന ഭരണകൂടം ഒന്നും ചെയ്യുന്നില്ല എന്നതായിരുന്നു പ്രധാന വിമർശനം. സർക്കാർ സ്പോൺഡേഡ് വംശഹത്യ എന്നും ഈ കലാപത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നു. എന്നാൽ, തനിക്കെതിരായ കേസുകളില്ലെല്ലാം കോടതി കുറ്റവിമുക്തനാക്കിയെന്നായിരുന്നു ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റിൽ മോദി പറഞ്ഞത്. കേന്ദ്രസർക്കാർ തന്നെയും സംഘത്തെയും വേട്ടയാടി എന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തൽ. 

അക്രമം നടക്കുമ്പോൾ തന്റെ രാഷ്ട്രീയ എതിരാളികൾ കേന്ദ്രത്തിൽ അധികാരത്തിലായിരുന്നുവെന്നും ആരോപണങ്ങളിൽ താൻ ശിക്ഷിക്കപ്പെടുന്നത് കാണാൻ അവർ ആഗ്രഹിച്ചിരുന്നുവെന്നുമായിരുന്നു ലെക്സ് ഫ്രിഡ്മാനുമായുള്ള അങിമുഖത്തിൽ മോദി പറഞ്ഞത്. "ആ സമയത്ത്, നമ്മുടെ രാഷ്ട്രീയ എതിരാളികൾ അധികാരത്തിലായിരുന്നു, സ്വാഭാവികമായും അവർ നമുക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നത് കാണാൻ അവർ ആഗ്രഹിച്ചു. അവരുടെ നിരന്തരമായ ശ്രമങ്ങൾക്കിടയിലും, ജുഡീഷ്യറി രണ്ടുതവണ സ്ഥിതിഗതികൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഒടുവിൽ ഞങ്ങൾ പൂർണ്ണമായും നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു," - ഇതായിരുന്നു മോദിയുടെ വാക്കുകൾ.

2002 ലെ ഗുജറാത്ത് കലാപത്തെത്തുടർന്ന് നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ അനുകൂലിക്കുന്നതായി വാജ്‌പേയി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അടൽ ബി​ഹാരി വാജ്പേയിയെയും പാർട്ടിയേയും ആർ എസ് എസിനെ തന്നെയും മറികടന്ന് മോദി ഒരു ബ്രാൻഡായി മാറുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. ​​

​ഗുജറാത്ത് കലാപത്തിന് പിന്നാലെ ഗോവയിൽ നടന്ന ബിജെപി സമ്മേളനത്തിൽ മോദിയെ പുറത്താക്കുമെന്ന് വാജ്‌പേയി സൂചന നൽകിയിരുന്നു. എന്നാൽ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ എൽ.കെ. അദ്വാനിയും ആർ.എസ്.എസ് ഉന്നത നേതൃത്വവും ഉൾപ്പെടെ നിരവധി നേതാക്കൾ മോദിയുടെ പക്ഷത്തുണ്ടായിരുന്നു. ഗോവ സമ്മേളനത്തിൽ മോദിയുടെ തന്ത്രം വിജയം കണ്ടു. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം ആ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും 'വേണ്ട, വേണ്ട' എന്ന ആർപ്പുവിളിയിൽ മോദിയുടെ പ്രസം​ഗം മുങ്ങിപ്പോയി. മോദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള വാജ്‌പേയിയുടെ ശ്രമം അവിടെ അവസാനിച്ചു. എന്നാൽ, അന്നും വ്യക്തിപ്രഭാവം കൊണ്ട് മോദിക്കും ബിജെപിക്കും മുകളിൽ നിന്നിരുന്ന വാജ്പേയിയെ മറികടക്കാനുള്ള മോദിയുടെ തന്ത്രങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. വർ​ഗീയ കലാപങ്ങളാൽ രക്തവസന്തം തീർക്കുന്ന ഉത്തരേന്ത്യയിൽ ഹിന്ദുക്കൾ തങ്ങളുടെ നേതാവും വിമോചകനുമായി മോദിയെ കണ്ടു. 

ഗുജറാത്ത് കലാപത്തെ തുടർന്ന് 2004ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, പാർട്ടിക്ക് അധികാരം നഷ്ടമായി. പരാജയത്തിന് കാരണം ​ഗുജറാത്ത് കലാപമെന്ന് വാജ്പേയി പിന്നീട് കുറ്റപ്പെടുത്തിയതും ചരിത്രമാണ്. എന്നാൽ, വാജ്പേയിയുടെ പ്രതിഷേധങ്ങൾക്കോ പ്രതിപക്ഷത്തിന്റെ പ്രതിരോധങ്ങൾക്കോ തടയാനാകാത്ത നിലയിൽ മോദി വളർന്നു. ഇപ്പോഴിതാ, 2002ൽ ​ഗുജറാത്ത് കലാപം നടക്കുമ്പോൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത് എന്ന് പരസ്യമായി പറഞ്ഞിട്ടും മോദിയെ തിരുത്താൻ പോലും പാർട്ടിയിൽ ഒരാളുമില്ലാത്ത വിധം മോദി ബിജെപിക്കും മുകളിലെത്തിയിരിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img