
പെൺസുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവ് കൂട്ടുകാരനെ ക്രൂരമായി കൊന്ന് മൃതശരീരം കൊത്തിനുറുക്കി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. നഖത്രാന മുരു ഗ്രാമത്തിലെ 20 കാരനായ രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ കിഷോറാണ് കൊലചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ രണ്ടിനാണ് യുവാവ് കാണാതായത്. ആറ് ദിവസമായി രമേഷിനെക്കുറിച്ചൊരു വിവരവും ലഭ്യമാകാതിരുന്നതോടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ കിഷോറിന്റെ പെരുമാറ്റത്തിൽ സംശയം ശക്തമായതോടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഇൻസ്റ്റഗ്രാമിൽ രമേഷിന്റെ പെൺസുഹൃത്തിനെ നേരിട്ട് പ്രണയാഭ്യർത്ഥനയുമായി സമീപിച്ചതാണ് സംഘർഷത്തിന് തുടക്കമായതെന്ന് പൊലീസ് പറഞ്ഞു. യുവതി ഈ വിവരം രമേഷിനെ അറിയിച്ചതോടെ ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. അതിന്റെ പ്രതികാരമായി രമേഷിനെ ഗ്രാമത്തിന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയ കിഷോർ കൊല്ലുകയും പിന്നീട് കത്തി ഉപയോഗിച്ച് ശരീരം പല ഭാഗങ്ങളാക്കുകയും ചെയ്തതായി അന്വേഷണം വ്യക്തമാക്കുന്നു. ചില ഭാഗങ്ങൾ കത്തിച്ചുതീർക്കുകയും ബാക്കി കുഴൽകിണറ്റിൽ വെറുതെറിഞ്ഞതായും പൊലീസ് കണ്ടെത്തി.
കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.











