
ദോഹ: 2026-ലെ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന വിപുലമായ ആഘോഷപരിപാടികൾക്കിടെ സ്റ്റേഡിയം 974 ലോകത്തിലെ ഏറ്റവും വലിയ താൽക്കാലിക കായിക വേദി (Largest Sports Arena - Temporary) എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. ഫെബ്രുവരി 10-ന് നടന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.
ആഭ്യന്തര മന്ത്രാലയം, ലഖ്വിയ (Lekhwiya), മീഡിയ സിറ്റി ഖത്തർ, വിസിറ്റ് ഖത്തർ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് സ്റ്റേഡിയവും പരിസരവും അത്യാധുനിക കായിക കേന്ദ്രമായി മാറ്റിയത്.മീഡിയ സിറ്റി ഖത്തറിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ സോണിൽ വെർച്വൽ റിയാലിറ്റി, റേസിംഗ് സിമുലേറ്ററുകൾ, ആർക്കേഡ് ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. പരമ്പരാഗത കായിക ഇനങ്ങൾക്കൊപ്പം സാങ്കേതികവിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള അനുഭവമാണ് ഇത് സന്ദർശകർക്ക് നൽകിയത്.പ്രാദേശികമായി വികസിപ്പിച്ചെടുത്ത പുതിയ മൊബൈൽ ഗെയിം ഖാവി' (Khawi) ദേശീയ കായിക ദിനത്തിൽ പുറത്തിറക്കി. കായിക അച്ചടക്കവും ടീം വർക്കും പ്രോത്സാഹിപ്പിക്കുന്ന ഈ ഗെയിം ഇപ്പോൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ലഭ്യമാണ്.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ആരോഗ്യകരവും പരസ്പരം ബന്ധിക്കപ്പെട്ടതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് മീഡിയ സിറ്റി ഖത്തർ സി.ഇ.ഒ ഹമദ് ഒമർ അൽ മന്നായ് പറഞ്ഞു.നേരത്തെ നടന്ന 'റെഡി, സെറ്റ്, നെക്സ്റ്റ്' (2025), ഫിഫ അറബ് കപ്പ് ഫൈനലിൽ അവതരിപ്പിച്ച 'ഖത്തർ സൗണ്ട് ബീറ്റ്' തുടങ്ങിയ വിജയകരമായ പരിപാടികൾക്ക് പിന്നാലെയാണ് മീഡിയ സിറ്റി ഖത്തറിന്റെ ഈ പുതിയ നേട്ടം.











