
കൊച്ചി: ദുബായില്‍ ഇന്നലെ ആരംഭിച്ച (ഒക്ടോബര്‍ 12) ജിടെക്സ് ഗ്ലോബലിന്റെ ഭാഗമായ 'എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ 2025' എക്സ്പോയില്‍ അണിനിരന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയനുകള്‍. കേരളത്തിലെ 35 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന എക്‌സ്‌പോയിലെ കെഎസ്‌യുഎം പവലിയന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീ സീറാം സാംബശിവ റാവു, കെഎസ്യുഎം സിഇഒ അനൂപ് അംബിക എന്നിവര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക കേരള പവലിയന്‍ (ഹാള്‍ 10, സ്റ്റാളുകള്‍ ബി94ബി129) വഴി തങ്ങളുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് സംരംഭകര്‍ക്ക് ലഭിച്ചിരിക്കുന്നത.് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇക്കോസിസ്റ്റം പങ്കാളികളില്‍ നിന്ന് മാര്‍ഗനിര്‍ദേശം, നിക്ഷേപകരുമായി കൈകോര്‍ക്കല്‍, ആഗോള സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദി കൂടിയാണിത്.
ദുബായ് ചേംബര്‍ ഓഫ് ഡിജിറ്റല്‍ എക്കണോമിയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി-നിക്ഷേപക-സ്റ്റാര്‍ട്ടപ്പ് സംഗമങ്ങളില്‍ ഒന്നാണ്. ജിടെക്സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് എന്നറിയപ്പെട്ടിരുന്ന ഈ പരിപാടിയില്‍ 100-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 2,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 1,500 നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്.
അന്താരാഷ്ട്ര നിക്ഷേപകരുമായും പങ്കാളികളുമായും ബന്ധം സ്ഥാപിക്കാന്‍ ജിടെക്‌സ് എക്‌സ്‌പോ കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കവാടമാകുമെന്ന് ഉദ്ഘാടന ചടങ്ങില്‍ കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കെഎസ് യുഎമ്മിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ നിലവില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്നത് യുഎഎയിലെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, സാസ് (സോഫ്റ്റ്‌വെയര്‍ ആസ് സര്‍വീസ്), ഹെല്‍ത്ത്ടെക്, എഡ്യുടെക്, സസ്‌റ്റൈനബിലിറ്റി തുടങ്ങിയ വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകളാണ് കെഎസ്യുഎം പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കെഎസ് യുഎം ഈ ആഗോള സംഗമത്തില്‍ പങ്കെടുത്തു വരുന്നു.
Photo Courtesy - Google