
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ദേശീയ അധ്യക്ഷനായ ജെഡിഎസ്സിന്റെ ആസ്ഥാനം ബംഗളുരുവാണ്. കർണാടകത്തിലാണ് ആ പാർട്ടിയ്‌ക്ക് ഏറെ സ്വാധീനമുള്ളത്. തനിച്ചും കോൺഗ്രസ്സ്, ബിജെപി എന്നീ കക്ഷികളുമായി കൂട്ടുചേർന്നും ജെഡിഎസ്സ് കർണാടകം ഭരിച്ചിട്ടുണ്ട്. എന്നാൽ 2023 ലെ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ നില പരുങ്ങലിലാണ്.എം എൽ എമാരുടെ എണ്ണം പതിനെട്ടിലൊതുങ്ങി. നിലനിൽപ്പിനായി നിലപാടുകൾ മറന്ന് കഴിഞ്ഞവർഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജെഡിഎസ്സ്, ബിജെപിയുമായി ധാരണയുണ്ടാക്കി എൻഡി എയുടെ ഭാഗമായി. സംസ്ഥാന അധ്യക്ഷനായിരുന്ന സി എം ഇബ്രാഹിം അനുയായികളോടൊപ്പം അക്കാരണത്താൽ പാർട്ടി വിട്ടു. എന്നാൽ ദേവഗൗഡയുടെ മകനും മുൻമുഖ്യമന്ത്രിയുമായ കുമാരസ്വാമിയ്ക്ക് കേന്ദ്രമന്ത്രിസഭയിൽ പ്രമുഖ സ്ഥാനം ലഭിക്കാൻ ബിജെപി ബന്ധം സഹായകമായി. അതേ സമയം പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ ദേവഗൗഡ കരുതിവെച്ചിരുന്ന കൊച്ചുമകൻ നിഖിൽ( കുമാരസ്വാമിയുടെ മകൻ) ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതും മറ്റൊരു കൊച്ചുമകനും( മുൻമന്ത്രി രേവണ്ണയുടെ മകൻ) ഹാസൻ മുൻ എം പിയുമായ പ്രജ്വൽ ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായതും ജെഡിഎസ്സിനെ അപമാനത്തിന്റെ പടുകുഴിയിൽ ചാടിച്ചു. പാർട്ടിയുടെ മറ്റൊരു തലവേദന കോർ കമ്മിറ്റി അധ്യക്ഷൻ ജി ടി ദേവഗൗഡയാണ്. മൈസൂരുവിൽ നിന്നുള്ള മുതിർന്ന നേതാവും എം എൽ എയുമാണ് മുൻമന്ത്രിയായ ഇദ്ദേഹം. കുറേക്കാലമായി പാർട്ടി പ്രവർത്തനങ്ങളിൽ ഒട്ടും സജീവമല്ലാത്ത ഈ നേതാവ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഇടയ്ക്കിടെ പുകഴ്ത്തുന്നതും കുമാരസ്വാമിയെ വിമർശിക്കുന്നതും നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ എച്ച് ഡി ദേവഗൗഡയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഇദ്ദേഹത്തെ നിയന്ത്രിക്കാൻ കുമാരസ്വാമി ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. വന്ദ്യ വയോധികനായ എച്ച് ഡി ദേവഗൗഡ അതിന് അനുവദിക്കുന്നില്ല എന്ന് വേണമെങ്കിൽ പറയാം.കുമാരസ്വാമിയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവിയും വഹിക്കുന്നത്. ബിജെപിയുമായി കൂട്ടുകൂടിയതിലും പാർട്ടിയുടെ നിയമസഭാകക്ഷി നേതാവാക്കാത്തതിലും ജി ടി ദേവഗൗഡയ്‌ക്ക് നീരസമുണ്ട്. കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കുമാരസ്വാമി തന്നെ അക്കാര്യം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ അതിന് എച്ച് ഡി ദേവഗൗഡയുടെ അനുവാദം കിട്ടുമോയെന്ന് സംശയമാണ്. അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ജി ടി ദേവഗൗഡ ജെഡിഎസ്സിൽ തുടരുന്നതുതന്നെ. വീണ്ടും തരംതാഴ്ത്തലുണ്ടായാൽ അദ്ദേഹം എം എൽ എ സ്ഥാനം ഉപേക്ഷിച്ച് കോൺഗ്രസ്സിലേക്ക് പോകാൻ സാധ്യതയുണ്ട്. പഴയ സഹപ്രവർത്തകനായ മുഖ്യമന്ത്രി സിദ്ധരാമയ്യ അതിനായി കിണഞ്ഞുപരിശ്രമിക്കുന്നുമുണ്ട്.
Photo Courtesy - Google











