
ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ വൻ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അടയ്ക്കുന്ന നികുതി ഗണ്യമായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് പരിഷ്കരണം. ദീപാവലിയോടെ പുതിയ ജിഎസ്ടി നിലവിൽ വരുമെന്നാണ് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കിയത്. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വിലകുറയാൻ ഇടയാക്കുന്നതും ചെറുകിട വ്യവസായങ്ങൾക്കും എംഎസ്എംഇകൾക്കും പ്രയോജനപ്പെടുന്നതുമാണ് പരിഷ്‌കാരമെന്ന് മോദി വ്യക്തമാക്കി.
ജിഎസ്ടി ഘടന ലളിതമാക്കുന്നതിന് മന്ത്രിതല സമതി റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെയാണ് മോദിയുടെ പ്രഖ്യാപനം. നികുതി സ്ലാബുകൾ ലയിപ്പിക്കുന്നതിനും ചില ഉത്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും മന്ത്രിതല സമിതി ആലോചിക്കുന്നുണ്ട്. സ്വർണം, വെള്ളി എന്നിവ ഒഴികെയുള്ളവയ്ക്കും സേവനങ്ങൾക്കും നിലവിൽ നാല് സ്ലാബുകളിലായി 5ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി ഈടാക്കുന്നത്. സിഗരറ്റ്, ആഡംബര കാറുകൾ തുടങ്ങിയവയ്ക്ക് അധിക ലെവിയും ചുമത്തും.
പാക്ക് ചെയ്ത ഭക്ഷണ പാനീയങ്ങൾ, വസ്ത്രങ്ങൾ, ഹോട്ടൽ താമസം എന്നിവയുൾപ്പടെ 20 ശതമാനത്തോളം ഇനങ്ങൾ 12 ശതമാനം സ്ലാബിന് കീഴിലാണ് വരുന്നത്. മൊത്തം ഉപഭോഗത്തിന്റെ 5 മുതൽ 10 ശതമാനംവരെയാണ് ഈ വിഭാഗം ഉൾപ്പെടുന്നത്. മൊത്തം വരുമാനത്തിന്റെ ആറ് ശതമാനവുമാണ്.
ഇവയിൽ മിക്കതും അഞ്ച് ശതമാനം സ്ലാബിലേക്കും ചിലത് 18 ശതമാനം സ്ലാബിലേക്കും മാറ്റുകയാണെങ്കിൽ 50,000 കോടി രൂപയുടെ (ജിഡിപിയുടെ 0.15 ശതമാനം)വരുമാന നഷ്ടമാണ് സർക്കാരിന് ഉണ്ടാകുക. കുടുംബങ്ങൾക്ക് അധികമായി ലഭിക്കുന്ന വരുമാനത്തിലൂടെ ഉപഭോഗം കൂടുമെന്നതും നേട്ടമാണ്. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.











