03:54am 11 November 2026
NEWS
​ഒൻപത് വർഷങ്ങൾ; നികുതിക്ക് ഒരു മുഖം: ചരിത്രം തിരുത്തി ജി.എസ്.ടി പത്താം വർഷത്തിലേക്ക്
01/07/2026  07:37 AM IST
സുരേഷ് വണ്ടന്നൂർ
​ഒൻപത് വർഷങ്ങൾ; നികുതിക്ക് ഒരു മുഖം: ചരിത്രം തിരുത്തി ജി.എസ്.ടി പത്താം വർഷത്തിലേക്ക്

​കൊച്ചി/ തിരുവനന്തപുരം:'ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി' എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ നികുതി വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിച്ച ചരക്കുസേവന നികുതി (ജി.എസ്.ടി) വിജയകരമായ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കി പത്താം വർഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) 22.27 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വരുമാനം സമാഹരിച്ചാണ് ജി.എസ്.ടി രാജ്യത്തിന്റെ സാമ്പത്തിക ചരിത്രം തിരുത്തിക്കുറിച്ചത്. ചരിത്രപരമായ ഈ യാത്രയിൽ, ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ (2026 ഏപ്രിലിൽ) സമാഹരിച്ച 2.43 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനം.
​2017 ജൂലൈ ഒന്നിന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ചായിരുന്നു ജി.എസ്.ടി രാജ്യത്തിന് സമർപ്പിച്ചത്. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള വിപണിയെ ഒറ്റ നികുതിക്ക് കീഴിലാക്കാൻ മൂല്യവർദ്ധിത നികുതി (വാറ്റ്), എക്സൈസ് തീരുവ, സേവന നികുതി, ഒക്ട്രോയ്, എൻട്രി ടാക്സ് തുടങ്ങിയ ഒട്ടനവധി പരോക്ഷ നികുതികൾ സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കിയത്. ജി.എസ്.ടിയുടെ വരവോടെ സംസ്ഥാന അതിർത്തികളിലെ ചെക്ക്‌പോസ്റ്റുകൾ ഒഴിവായത് ചരക്കുനീക്കത്തിലെ കാലതാമസവും അധികച്ചെലവുകളും ഇല്ലാതാക്കി. ഇത് സുതാര്യവും പൂർണ്ണമായും ഡിജിറ്റൽ അധിഷ്ഠിതവുമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചു.
​വരുമാനത്തിലും രജിസ്ട്രേഷനിലും വൻ കുതിപ്പ്
​തുടക്കത്തിൽ (2017-18 സാമ്പത്തിക വർഷത്തിലെ 9 മാസങ്ങളിൽ) 7.19 ലക്ഷം കോടി രൂപയായിരുന്ന ജി.എസ്.ടി വരുമാനത്തിൽ നിന്നാണ് രാജ്യം ഇന്നത്തെ വൻ വളർച്ച കൈവരിച്ചത്. 2017 ഓഗസ്റ്റിൽ ആദ്യ മാസ വരുമാനം 94,603 കോടിയായിരുന്നു. കോവിഡ് പ്രതിസന്ധിയുണ്ടായ 2020-21 കാലയളവിൽ നേരിയ ഇടിവ് (11.37 ലക്ഷം കോടി) രേഖപ്പെടുത്തിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് ജി.എസ്.ടി നടത്തിയത്.
​ജി.എസ്.ടിക്ക് മുൻപുള്ള വാറ്റ്, സർവീസ് ടാക്സ് കാലയളവിൽ രാജ്യത്താകെ 67.80 ലക്ഷം രജിസ്ട്രേഷനുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇന്നത് 1.65 കോടിയായി ഉയർന്നു.
​കേരളത്തിനും ലോട്ടറി: 200 ശതമാനം വളർച്ച
​ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ നേട്ടമാണുണ്ടായത്. ഒൻപത് വർഷത്തിനിടെ നികുതി വരുമാനത്തിൽ 200 ശതമാനത്തിന്റെ വളർച്ചയാണ് സംസ്ഥാനം നേടിയത്. ജി.എസ്.ടിക്ക് തൊട്ടുമുൻപ് കേരളത്തിന്റെ നികുതി വരുമാനം 16,820 കോടി രൂപയായിരുന്നെങ്കിൽ, കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) അത് 33,109 കോടി രൂപയായി കുതിച്ചുയർന്നു. 2024-25ൽ വരുമാനം 27,371.53 കോടിയായി ചുരുങ്ങിയിരുന്നെങ്കിലും തൊട്ടടുത്ത വർഷം ശക്തമായ വളർച്ചയോടെ സംസ്ഥാനം നേട്ടമുണ്ടാക്കി.
​ജി.എസ്.ടി 2.0: ലളിതമായ നികുതി ഘടന
​2025 സെപ്റ്റംബർ 22-ന് നടപ്പിലാക്കിയ 'ജി.എസ്.ടി 2.0' പരിഷ്കരണത്തിലൂടെ നികുതി ഘടന കൂടുതൽ ലളിതമാക്കി. മുൻപുണ്ടായിരുന്ന 4 സ്ലാബുകൾക്ക് (5%, 12%, 18%, 28%) പകരം ഇപ്പോൾ 3 സ്ലാബുകൾ മാത്രമാണുള്ളത് (5%, 18%, 40%).
​ഈ പരിഷ്കരണത്തോടെ നിത്യോപയോഗ സാധനങ്ങൾക്കും സാധാരണക്കാർ ആശ്രയിക്കുന്ന സേവനങ്ങൾക്കും വില കുറഞ്ഞപ്പോൾ, ആഡംബര-ലഹരി വസ്തുക്കൾക്ക് നികുതി വർദ്ധിച്ചു.
​വില കുറഞ്ഞവ: പാക്കേജ് ചെയ്ത ഭക്ഷണസാമഗ്രികൾ, സോപ്പ്, ഇൻഷുറൻസ് പ്രീമിയങ്ങൾ, എ.സി, ചെറിയ കാറുകൾ എന്നിവ.
​വില കൂടിയവ: പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല, ഓൺലൈൻ ഗെയിമിംഗ് എന്നിവ.
​ജി.എസ്.ടി പ്രതിവർഷ വരുമാന വളർച്ച (ലക്ഷം കോടിയിൽ)സാമ്പത്തിക വർഷംവരുമാനം (ലക്ഷം കോടി രൂപയിൽ)
2017-18 (9 മാസം)7.19
2018-1911.77
2019-2012.22
2020-2111.37
2021-2214.83
2022-2318.08
2023-2420.18
2024-2522.08
2025-2622.27​ചരിത്ര നാഴികക്കല്ല്: ജി.എസ്.ടി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനം 2017 നവംബറിലെ 83,780 കോടി രൂപയായിരുന്നെങ്കിൽ, 2026 ഏപ്രിലിൽ രാജ്യം സമാഹരിച്ചത് 2.43 ലക്ഷം കോടി രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img