06:13pm 22 November 2026
NEWS
സാധാരണ സപ്പോട്ടയല്ല, ഇത് മേമി! വലുപ്പവും രുചിയും വിളവും ഒന്നിനൊന്ന് മെച്ചം; വീട്ടുവളപ്പിൽ നട്ടാൽ 500 പഴങ്ങൾ വരെ ലഭിക്കും


22/11/2026  08:32 AM IST
nila
സാധാരണ സപ്പോട്ടയല്ല, ഇത് മേമി! വലുപ്പവും രുചിയും വിളവും ഒന്നിനൊന്ന് മെച്ചം; വീട്ടുവളപ്പിൽ നട്ടാൽ 500 പഴങ്ങൾ വരെ ലഭിക്കും

വീട്ടുവളപ്പിൽ അധികം പരിചരണമില്ലാതെ വളർത്താവുന്ന ഫലവൃക്ഷങ്ങളിൽ ഒന്നാണ് സപ്പോട്ട. ഒരിക്കൽ നന്നായി വളർന്നാൽ പിന്നീട് കാര്യമായ പരിചരണമൊന്നുമില്ലാതെ തന്നെ സീസണിൽ ധാരാളം പഴങ്ങൾ ലഭിക്കും. എന്നാൽ സാധാരണ സപ്പോട്ടയെക്കാൾ വലുപ്പത്തിലും രുചിയിലും മുന്നിട്ടുനിൽക്കുന്ന പുതിയ ഇനമായ ‘മേമി സപ്പോട്ട’യാണ് ഇപ്പോൾ പഴപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. വലുപ്പമേറിയ പഴങ്ങളും മികച്ച രുചിയുമാണ് ഈ ഇനത്തിന്റെ പ്രധാന പ്രത്യേകത.

വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണനാരുകൾ എന്നിവയാൽ സമ്പന്നമാണ് മേമി സപ്പോട്ട. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കുന്നതിനും ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ അനായാസം വളർത്താൻ കഴിയുന്ന ഫലവൃക്ഷമാണിത്. കുറഞ്ഞ സമയത്തിനുള്ളിൽ കായ്ഫലം ലഭിക്കണമെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള തൈകൾ നട്ട് മൂന്നുമുതൽ അഞ്ചുവർഷത്തിനുള്ളിൽ കായ്ക്കാൻ തുടങ്ങും. എന്നാൽ വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന ചെടികൾക്ക് കായ്ഫലം ലഭിക്കാൻ ഏഴുമുതൽ പത്തുവർഷം വരെ കാത്തിരിക്കേണ്ടിവരും. പ്രാദേശിക നഴ്സറികളിലും വിശ്വാസയോഗ്യമായ ഓൺലൈൻ വിപണികളിലും ഗ്രാഫ്റ്റ് തൈകൾ ലഭ്യമാണ്.

നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മേമി സപ്പോട്ട കൃഷിക്ക് അനുയോജ്യം. ദിവസവും കുറഞ്ഞത് ആറുമണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. ജൈവാംശം കൂടുതലുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമായ മണ്ണിൽ ചെടി നന്നായി വളരും. അമിതമായ ഈർപ്പം വേരുചീയലിന് കാരണമാകുന്നതിനാൽ നീർവാർച്ച ഉറപ്പാക്കണം.

കാലവർഷത്തിന്റെ തുടക്കമാണ് തൈ നടാൻ ഏറ്റവും അനുയോജ്യമായ സമയം. തൈയുടെ വേരുപടലത്തിന്റെ മൂന്നിരട്ടി വലുപ്പത്തിൽ കുഴിയെടുത്ത് മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേർത്ത് നിറയ്ക്കണം. തൈ നടുമ്പോൾ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാത്തവിധം മണ്ണിന്റെ നിരപ്പിൽനിന്ന് അൽപം ഉയർത്തി നടുന്നതും ഗുണകരമാണ്.

ആദ്യത്തെ ഒരു വർഷം ആഴ്ചയിൽ മൂന്നുതവണയെങ്കിലും നനയ്ക്കണം. മരം വളർന്നുകഴിഞ്ഞാൽ വേനൽക്കാലത്തും പൂവിടുന്ന സമയത്തും ആവശ്യത്തിന് വെള്ളം നൽകണം. ഒക്ടോബർ-നവംബർ, ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് സാധാരണയായി പൂവിടുന്നത്.

മണ്ണിലെ ഈർപ്പം നിലനിർത്താനും കളകളുടെ വളർച്ച നിയന്ത്രിക്കാനും പുതയിടൽ സഹായിക്കും. തടിയിൽ നേരിട്ട് തട്ടാത്തവിധം കരിയിലയോ ചകിരിച്ചോറോ ഉപയോഗിച്ച് പുതയിടാം. ചെറിയ തൈകൾക്ക് രണ്ടുമാസത്തിലൊരിക്കൽ ജൈവവളമോ സമീകൃത വളമോ നൽകാം. പൂർണവളർച്ചയെത്തിയ മരത്തിന് വർഷംതോറും 50-55 കിലോഗ്രാം കാലിവളം നൽകാം. ഇതിനുപുറമെ മേയ്-ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ 250-500 ഗ്രാം റോക്ക് ഫോസ്ഫേറ്റ് നൽകുന്നതും നല്ല വിളവിന് സഹായിക്കും.

പഴങ്ങൾ മൂപ്പെത്തുന്നത് എപ്പോൾ?

മേമി സപ്പോട്ടയുടെ പഴങ്ങൾ പാകമാകാൻ പൂവിട്ടശേഷം ഏകദേശം 12 മുതൽ 24 മാസം വരെ വേണ്ടിവരും. പഴത്തിന്റെ പുറംതൊലി അൽപം ചുരണ്ടി പരിശോധിക്കുമ്പോൾ ഉള്ളിൽ ചുവപ്പോ ഓറഞ്ചോ നിറം കാണുന്നുണ്ടെങ്കിൽ വിളവെടുപ്പിന് പാകമായെന്ന് മനസ്സിലാക്കാം.

മരത്തിൽനിന്ന് പറിച്ചെടുത്ത പഴങ്ങൾ അഞ്ചുമുതൽ ഏഴുദിവസം വരെ സൂക്ഷിച്ചാൽ നന്നായി പഴുക്കും. തുടർന്ന് നേരിട്ട് കഴിക്കാനോ ജ്യൂസ് തയ്യാറാക്കാനോ ഉപയോഗിക്കാം. മികച്ച രീതിയിൽ വളർത്തിയ ഒരു മരത്തിൽനിന്ന് വർഷത്തിൽ 200 മുതൽ 500 വരെ പഴങ്ങൾ ലഭിക്കുമെന്നതാണ് ഈ ഇനത്തിന്റെ മറ്റൊരു ആകർഷണം. വീട്ടുവളപ്പിൽ ദീർഘകാലത്തേക്ക് മികച്ചൊരു ഫലവൃക്ഷം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് മേമി സപ്പോട്ട നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img