
മുസ്ലിം യുവതിയുടെ ഹിജാബ് പൊതുസ്ഥസലത്തുവെച്ച് ബലമായി വലിച്ചൂരി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഒരുസംഘം യുവാക്കൾ യുവതിയെ ആക്രമിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഹിന്ദുമതവിശ്വാസിയായ യുവാവിനെയും അക്രമികൾ മർദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുസഫർനഗറിലെ ഖലാപറിൽ വെച്ചാണ് യുവതിയും യുവാവും ആക്രമിക്കപ്പെട്ടത്. ഫർഹീൻ എന്ന 20കാരിയും സചിൻ എന്ന യുവാവുമാണ് അതിക്രമത്തിന് ഇരയായത്. ജോലിയുടെ ഭാഗമായി ഒരു ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇരുവർക്കും മർദനമേറ്റത്. പ്രതികളിൽ ഒരാൾ ബലമായി യുവതിയുടെ ഹിജാബ് വലിച്ചൂരുന്നതും ബാക്കിയുള്ളവർ ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഉത്കർഷ് സ്മാൾ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഖാലാപർ നിവാസിയായ ഫർഹീൻ. മാതാവിൻറെ അറിവോടെയാണ് ഫർഹീൻ സുഹൃത്തിനൊപ്പം വായ്പ ഗഡു പിരിക്കാൻ പോയത്. ഏപ്രിൽ 12ന് വൈകീട്ടാണ് സംഭവം. ബൈക്കിൽ സുഹൃത്തിനൊപ്പം പോകുന്നതിനിടെ എട്ട് പേരടങ്ങിയ ഒരു സംഘം അവരെ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഫർഹീനെയും സച്ചിനെയും മോചിപ്പിച്ചത്.