
ബംഗളൂരു: മല്ലേശ്വരത്ത് വർഷംതോറും അരങ്ങേറുന്ന പരമ്പരാഗത നിലക്കടല മേളയായ കടലേക്കായ് പരിഷെയെ ഇത്തവണ ഉൽപ്പാദനക്കുറവ് ബാധിക്കുന്നു. കർണാടകയിൽ നിലക്കടല കൃഷിയിലുണ്ടായ കുറവാണ് മേളയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരെയും വ്യാപാരികളെയും ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
മഴയുടെ ലഭ്യതക്കുറവും കാലാവസ്ഥയിലെ വ്യതിയാനങ്ങളും കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെ പ്രാദേശികമായി ലഭിക്കുന്ന നിലക്കടലയുടെ അളവ് കുറഞ്ഞു. ഇതോടെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ നിലക്കടല എത്തിക്കേണ്ടിവരുന്നു. പരമ്പരാഗതമായി കർണാടകയിലെ കർഷകരും വ്യാപാരികളുമായിരുന്നു മേളയുടെ പ്രധാന ആശ്രയം.
നിലക്കടലയുടെ വിവിധ ഇനങ്ങൾ വിൽപ്പനയ്ക്കെത്തുന്ന കടലേക്കായ് പരിഷെ ബംഗളൂരുവിന്റെ കാർഷിക പാരമ്പര്യവും ജനകീയ സംസ്കാരവും വിളിച്ചോതുന്ന ആഘോഷമാണ്. മല്ലേശ്വരത്തെ കാഡു മല്ലേശ്വര ക്ഷേത്രപരിസരത്തും ബസവനഗുഡിയിലെ ബുൾ ടെമ്പിൾ പരിസരത്തും നടക്കുന്ന ഈ മേളയിൽ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും എത്തുന്നത്.
കർഷകർക്കും ചെറുകിട വ്യാപാരികൾക്കും മികച്ച വിപണിയൊരുക്കുന്ന മേള നഗരത്തിന്റെ സാംസ്കാരിക ജീവിതത്തിലും പ്രധാന ഇടം നേടിയിട്ടുണ്ട്. എന്നാൽ പ്രാദേശിക ഉൽപ്പാദനം കുറഞ്ഞുവരുന്നത് മേളയുടെ പരമ്പരാഗത കാർഷിക ബന്ധത്തെയും ബാധിക്കുന്നുണ്ട്.
കൃഷി പ്രതിസന്ധിയും ഉൽപ്പാദനക്കുറവും തുടർന്നാൽ വരുംവർഷങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ നിലക്കടലയെ ആശ്രയിക്കേണ്ടിവരും. നഗരത്തിന്റെ പാരമ്പര്യവും കർഷകരുടെ ഉപജീവനവും ഒരുപോലെ സംരക്ഷിക്കണമെന്ന സന്ദേശമാണ് ഈ സാഹചര്യം മുന്നോട്ടുവയ്ക്കുന്നത്. കാഡു മല്ലേശ്വര ക്ഷേത്ര പരിസരത്ത് ഈ മാസം 28 നാണ് കടലക്ക മേള ആരംഭിക്കേണ്ടത്. മൂന്ന് ദിവസം നീണ്ടുനിൽക്കും. ബംഗളുരുവിലെ പ്രധാനപ്പെട്ട വാർഷിക കടലക്ക മേള ബസവനഗുഡിയിലാണ്. ഡിസംബർ 5ന് ആരംഭിക്കുന്ന ഈ മേള മുതൽ 8 വരെ നീണ്ടുനിൽക്കും.
Photo Courtesy - Google










