
കർണാടക തലസ്ഥാനമായ ബംഗളുരു ഹൈടെക് നഗരമായി പരിണമിച്ചെങ്കിലും, മുമ്പ് കാർഷികകേന്ദ്രമായിരുന്നു എന്നതിന്റെ അടയാളങ്ങൾ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും ബാക്കിയുണ്ട്. ത്വരിതവികസനവും മാറ്റങ്ങളുമാണ് നഗരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഹരിതാഭമായ ഗ്രാമങ്ങൾ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നത് വാസ്തവമാണ്. എന്നിരുന്നാലും കൃഷിമേഖലയായ ഗ്രാമപ്രദേശങ്ങൾ നഗരകേന്ദ്രത്തിൽ നിന്ന് അധികം അകലെയല്ലാതെ അവശേഷിക്കുന്നുണ്ട്. കാർഷികസമൃദ്ധി വിളിച്ചോതുന്ന, ഉത്സവ പ്രതീതിയോടെ നഗരത്തിൽ അരങ്ങേറുന്ന ചടങ്ങാണ് കടലക്കായ് പരിഷെ അഥവാ നിലക്കടല മേള. പ്രസിദ്ധമായ ബുൾ ടെംപിൾ ( ദൊഡ്ഡ ബസവന ഗുഡി) പരിസരത്താണ് പ്രധാനമായും നിലക്കടലമേള അരങ്ങേറുന്നത്. ആദ്യത്തെ വിളവ് ബസവയ്‌ക്ക് കാഴ്ചവെക്കുന്ന ചടങ്ങാണിത്. ഇതര ജില്ലകളിൽ നിന്നും ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും വൈവിദ്ധ്യമാർന്ന നിലക്കടല ഉൽപ്പന്നങ്ങളുമായി കർഷകർ എത്തിച്ചേരും. പൂജ കഴിഞ്ഞ ശേഷം നിലക്കടല മേളയിൽ വില്പനയ്ക്ക് വെയ്ക്കും. മേളയിൽ കുടുംബ സമേതമെത്തി വലിയ അളവിൽ നിലക്കടല വാങ്ങുന്നത് കന്നഡിഗർ തലമുറകളായി തുടർന്നുപോരുന്ന പതിവാണ്. മേളയിൽ വിവിധതരം നിലക്കടലയുടെയും മറ്റു ഭഷ്യവിഭവങ്ങളുടെയും നിരവധി സ്റ്റാളുകളുണ്ടാവും. മേളയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും. നഗരസഭയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഈ മാസം 17,18 തിയ്യതികളിലാണ് ബുൾ ടെമ്പിളിലെ മേള. ഇത്തവണ അത് അഞ്ചു ദിവസമാക്കി 21 വരെ നീട്ടിയിട്ടുണ്ട്. മല്ലേശ്വരം മേളയാണ് ആദ്യം നടക്കുക. ഈ മാസം 7,8 തിയ്യതികളിൽ. കാടു മല്ലേശ്വര ആരാധക സമിതിയാണ് സംഘാടകർ. ഇത്തവണത്തെ മേളയിൽ പ്ലാസ്റ്റിക് പൂർണ്ണമായി ഒഴിവാക്കുമെന്ന് സമിതി അധ്യക്ഷൻ ബി കെ ശിവറാം പറഞ്ഞു. ഗതാഗതമന്ത്രി രാമലിംഗ റെഡ്‌ഡി മേള ഉദ്ഘാടനം ചെയ്യും. സവിശേഷ കലാപരിപാടികളും ഉണ്ടായിരിക്കും.
Photo Courtesy - Google











