
2026 ഏപ്രിൽ-മെയ് മാസത്തിലായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക വ്യാപിച്ച് കൊണ്ടിരിക്കെ, ജൂൺ 19-ന് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്ന, ഉടൻ തന്നെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചു. ഇടതുപക്ഷമാകട്ടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് ഏറെ സമയമെടുക്കുകയും, മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് വഴി മരുന്നിട്ട് ഒടുവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും, നിലമ്പൂർ സ്വദേശിയുമായ എം. സ്വരാജിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിക്കുകയും ചെയ്തു.
ഇരുമുന്നണികളുടേയും സ്ഥാനാർത്ഥികൾ നിലമ്പൂർ സ്വദേശികളാണ് എന്ന പ്രത്യേകതയുമുണ്ട്. സി.പി.എം ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി നിലമ്പൂരിൽ മത്സരിച്ച് വിജയിച്ചത് 58 വർഷം മുമ്പാണ്. ജന്മനാട്ടിൽ സ്വരാജ് മത്സരിയ്ക്കുന്നത് ഇതാദ്യവും. തൃപ്പൂണിത്തുറ മുൻ എം.എൽ.എ യായ സ്വരാജ് 'ദേശാഭിമാനി' റസിഡന്റ് എഡിറ്ററാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് കടുത്ത ബലപരീക്ഷണം തന്നെയാണ്. അൻവർ ഉയർത്തുന്ന ഭീഷണിയ്ക്ക് പുറമെ, അഥവാ സ്വരാജ് പരാജയപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിന്റെ രാഷട്രീയ ഭാവിയെക്കൂടി അത് പ്രതികൂലമായി ബാധിച്ചേക്കും. ജൂൺ 23-നാണ് വോട്ടെണ്ണൽ നടക്കുക.
പിന്നിട്ട ആറ് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ, 16 നിയമസഭാ തെരഞ്ഞെടുപ്പുകളാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടന്നിട്ടുളളത്. ഇതിൽ രണ്ടെണ്ണം ഉപതെരഞ്ഞെടുപ്പുകളാണ്. വരാനിരിക്കുന്നത് മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പും. നിലമ്പൂർ എം.എൽ.എ പി.വി അൻവർ, കഴിഞ്ഞ ജനുവരി 13-ന് ഭരണകക്ഷിയായ സി.പി.എം നേതൃത്വവുമായി ഉടക്കിപ്പിരിഞ്ഞ് എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നടന്ന മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളതാണ് നിലമ്പൂരിലെ രാഷ്ട്രീയ പോര്.
ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം വല്ലാത്തൊരു വൈതരണി തന്നെയായിരുന്നു. മലപ്പുറം ജില്ലാ ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയിയും, ആര്യാടൻ ഷൗക്കത്തുമാണ് യു.ഡി.എഫിൽ സീറ്റിന് വേണ്ടി വടംവലിയുണ്ടയിരുന്നത്. ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയിയെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കണമെന്ന് എം.എൽ.എ സ്ഥാനം രാജി വെച്ച പി,വി അൻവർ തുടക്കം തൊട്ട് ആവശ്യപ്പെട്ടതാണ്. അതിന് വേണ്ടി ആകാവുന്നത്ര സമ്മർദ്ദവും അൻവർ നടത്തിയിരുന്നു. ജോയിക്ക് അനുകൂലമായിരുന്നു മലപ്പുറം കോൺഗ്രസ്സിന്റെ നിലപാടും. അതോടൊപ്പം, മുസ്ലിംലീഗും ഇക്കാര്യത്തിൽ ജോയിക്ക് അനുകൂലമായിരുന്നു. എന്നാൽ സാമുദായിക പരിഗണന വെച്ചുള്ള കെ.പി.സി.സി പുന സംഘടനയുടെ പശ്ചാതലമാണ് ആര്യാടൻ ഷൗക്കത്തിന് തുണയായി മാറിയത്. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡണ്ടായതോടെ, ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ എതിർപ്പുണ്ടാകില്ലെന്ന കണക്ക് കൂട്ടലിലാണ് ഷൗക്കത്തിന് നറുക്ക് വീണതും. മികച്ച ഡി.സി.സി അധ്യക്ഷനായ വി.എസ് ജോയിക്ക് ഇനിയും മത്സരിയ്ക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. എന്നാൽ സ്ഥാനാർത്ഥി വിഷയത്തിൽ യു.ഡി.എഫ് നേതൃത്വവുമായി പൂർവ്വാധികം ശക്തിയിൽ അൻവർ ഇടയുകയാണുണ്ടായത്. വിഷയത്തിലുള്ള തന്റെ അതൃപ്തി പ്രകടമാക്കി മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായും അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
സൈബർ പോരാളികൾ രംഗത്ത്
യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെറുവുപൂണ്ട് നിൽക്കുന്ന പി വി അൻവറിന്റെ നിലപാടും, വിലപേശൽ തന്ത്രവും സി.പി.എം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ്സിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് അൻവർ ഉന്നയിച്ചിരുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോടെ യു.ഡി.എഫിൽ ഉടലെടുത്തേക്കാവുന്ന പ്രശ്നങ്ങൾ മുതലെടുക്കാനാകുമോ എന്നും സി.പി.എം നിരാക്ഷണം നടത്തിയിരുന്നു. കാരണം ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയതിൽ 'മുസ്ലിംലീഗ് സൈബർ പോരാളികൾ' അതിശക്തമായി രംഗത്തുണ്ട്. മുൻകാല രാഷ്ട്രീയ ചരിത്രങ്ങളും, വ്യക്തിഗതമായ പാളിച്ചകളും ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയായിൽ ഷൗക്കത്തിനെതിരെ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പാണക്കാട്ടെത്തിയ ഷൗക്കത്ത്
കനത്തമഴയിലും നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം അത്യന്തം ചൂടുപിടിച്ചിട്ടുണ്ട്. പിതാവിന്റെ ശവകുടീരത്തിലെത്തി പൊട്ടിക്കരഞ്ഞ് പ്രാർത്ഥിച്ച് കൊണ്ടാണ് ആര്യാടൻ ഷൗക്കത്ത് പ്രചാരണത്തിന് തുടക്കമിട്ടത്. ശേഷം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയ ഷൗക്കത്ത്, അവിടുത്തെ തങ്ങൾമാരെ സന്ദർശിക്കുകയും, ഹൈദരലി തങ്ങളുടെ ഖബർ സന്ദർശനം നടത്തി പ്രാർത്ഥനയും നടത്തിയിരുന്നു, ശേഷം കാന്തപുരം അബൂബക്കർ മുസ്ല്യാരേയും ഷൗക്കത്ത് സന്ദർശിച്ചു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഒട്ടേറെ പ്രാദേശിക വിഷയങ്ങളും നിലമ്പൂരിൽ ഉയർന്ന് വന്നിട്ടുണ്ട്. നിലമ്പൂർ ബൈപ്പാസ് വിഷയമാണ് ഇതിൽ നിർണ്ണായകം. നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ബൈപ്പാസിനായി സർവ്വേ നടത്തിയിട്ടുള്ളത്. 1998-ൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ പ്രവർത്തനം ഇന്നോളം തീർപ്പായിട്ടില്ല. പട്ടണത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും, പ്രധാന സംസ്ഥാന പാതകളിലൊന്നായ സ്റ്റേറ്റ് ഹൈവേ-28 ലെ ട്രാഫിക് ബ്ലോക്കുകൾ ഇല്ലാതാക്കാനുമായി വിഭാവനം ചെയ്തതാണ് ഇത്. ഇതിനായി ഭൂമിവിട്ട് കൊടുത്ത 157 കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതും, വിൽപ്പന നടത്താൻ കഴിയാത്തതും, നഷ്ട പരിഹാരം ലഭിയ്ക്കാത്തതും പുനരധിവാസം വൈകുന്നതും പലരേയും ദുരിതത്തിലാക്കിയിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസ് അടുത്തിടെ ബൈപ്പാസിനായി 154 കോടി രൂപ അനുവദിച്ചതായി പ്രസ്താവിച്ചിരുന്നു. ഇത് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനമാണെന്നാണ് ബൈപ്പാസ് കൂട്ടായ്മ ആരോപിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത രാഷ്ട്രീയ പാർട്ടികളുടെ അവഗണനയ്ക്കെതിരെ തെരഞ്ഞെടുപ്പിൽ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് ബൈപ്പാസ് കൂട്ടായ്മ. ഈ നീക്കം ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചേക്കും. ബൈപ്പാസ് വിഷയത്തിൽ ഇരുമുന്നണികളും എന്ത് നിലപാട് സ്വീകരിക്കുമെന്നതും, കൂട്ടായ്മയുടെ സ്ഥാനാർത്ഥിക്ക് എത്രത്തോളം ജന പിന്തുണ ലഭിയ്ക്കുമെന്നതും നിർണ്ണായകം തന്നെയാണ്. നിലമ്പൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറാനുള്ള സാധ്യതകളും നിഴലിക്കുന്നുണ്ട്.
നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബി.ജെ.പി യിൽ ഭിന്നാഭിപ്രായം നിലനിന്നിരുന്നു. ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രധാന്യം ഉള്ളതല്ലെന്നും, അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്നുമാണ് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നത്. കേരളത്തിലെ എൻ.ഡി.എ നേതാക്കളും, ബി.ജെ.പി ദേശീയ നേതൃത്വവുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതു. അതേസമയം, നിലമ്പൂരിൽ മത്സരിച്ചില്ലെങ്കിൽ, ബി.ജെ.പി യുടെ വോട്ടുകൾ ആർക്കാകും എന്ന ചോദ്യത്തിന് സംസ്ഥാന നേതൃത്വം മറുപടിയും പറയേണ്ടിവരും. രാജീവ് ചന്ദ്രശേഖർ പുതിയ അധ്യക്ഷനായി വന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പ് അദ്ദേഹത്തിനും വെല്ലുവിളിയാവുകയാണ്. ഫലത്തിൽ വോട്ടുകച്ചവടം എന്ന ആക്ഷേപം ഇരുമുന്നണികൾ ഉയർത്തുകയും ചെയ്യും.
ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന മലപ്പുറം, വിദേശ കറൻസി വിഷയങ്ങൾ, സ്വർണ്ണക്കടത്ത്, അഴിമതി എന്നിങ്ങനെയുളള വിഷയത്തിൽ പ്രതിഷേധിച്ച് പത്രസമ്മേളനം വിളിച്ച് കൂട്ടിയതിന്റെ പേരിലാണ് പി.വി അൻവർ രാജിവയ്ക്കുന്നതും, തുടർന്ന് ഉപതെരഞ്ഞെടുപ്പുണ്ടാകുന്നതും. ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന മലപ്പുറത്തെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരക്കുന്നതിന് പ്രസക്തിയില്ലെന്ന് ബി.ജെ.പി പറയുമ്പോൾ, അത് ദേശീയതയ്ക്കൊപ്പം നിൽക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കലാണ്. രാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവ് ഹരി പാലോട് പ്രസ്താവിച്ചു. ദേശീയ കാഴ്ചപ്പാടുള്ള രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ട് രേഖപ്പെടുത്താൻ സ്വാഭിമാനമുള്ള ഏതൊരു രാജ്യസ്നേഹിയും ആഗ്രഹിക്കുന്ന കാര്യമാണ്. ആ വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടി അവിടെയുള്ള വോട്ടർമാർക്ക് അവസരം നിഷേധിക്കുന്നത് ഒട്ടും ശരിയല്ല. മതം മാറാൻ തയ്യാറാകാതിരുന്ന കാരണവന്മാർ പിടഞ്ഞ് വീണ മണ്ണാണ് നിലമ്പൂർ. അവിടെ താമര കുനിയരുതെന്നും രവി പാലോട് ചൂണ്ടിക്കാട്ടി.
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ, നിലമ്പൂർ നഗരസഭയും, അമരമ്പലം, പോത്തുകല്ല് എന്നീ പഞ്ചായത്തുകളുമാണ് എൽ.ഡി.എഫ് ഭരണത്തിലുള്ളത്. ചുങ്കത്തറ, വഴിക്കടവ്, എടക്കര, കരുളായി, മൂത്തേടം എന്നീ പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണത്തിലുമാണ്.
സജീവമായി എസ്.ഡി.പി.ഐ
എസ്ഡിപിഐ സ്ഥാനാർഥിയായി അഡ്വ. സാദിഖ് നടുത്തൊടി മൽസര രംഗത്തുണ്ടാവുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വാർത്താ സമ്മേളനം നടത്തിയ ശേഷം, നിലമ്പൂർ മണ്ഡലത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ശക്തിപ്രകടനം നടത്തിയിരുന്നു. സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയെ എസ്.ഡി.പി.ഐ പ്രവർത്തകർ ഷാൾ അണിയിച്ച് ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നഗരത്തിൽ പ്രകടനം നടത്തി. എസ്.ഡി.പി.ഐ മലപ്പുറം ജില്ല ഉപാധ്യക്ഷനും, മലപ്പുറം ബാർ കൗൺസിൽ പ്രസിഡണ്ടുമാണ് അഡ്വ. സാദിഖ് നടുത്തൊടി. മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ നിരന്തരം നിയമ പോരാട്ടങ്ങൾ നടത്തിയ മനുഷ്യാവകാശ പ്രവർത്തകനുമാണ്. നിലമ്പൂരിൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 4751 വോട്ടുകളും, 2021-ൽ 3281 വോട്ടുകളും എസ്.ഡി.പി.ഐ നേടിയിരുന്നു.
തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ബി.ജെ.പി യെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് പാലക്കാട് യു.ഡി.എഫിനേയും, ചേലക്കരയിൽ പി.വി അൻവറിന്റെ സ്ഥാനാർത്ഥിയേയും അവർ പിന്തുണച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വവുമായി ധാരണയായെങ്കിലും, പിന്നീട് വി.ഡി സതീശനും, എം.എം ഹസ്സനുമടക്കം പരസ്യമായി തള്ളിപ്പറഞ്ഞത് എസ്.ഡി.പി.ഐ യെ പ്രകോപിപ്പിച്ചിരുന്നു. മുന്നണികൾ മാറിമാറി ഭരിച്ചിട്ടും ചിലർ നിലമ്പൂർ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണെന്നും, കേരളത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തം കഴിഞ്ഞ് അഞ്ചുവർഷം പിന്നിട്ടിട്ടും ദുരന്ത ബാധിതരുടെ പുനരധിവാസം പോലും എങ്ങുമെത്തിയിട്ടില്ലെന്നും എസ്.ഡി.പി.ഐ ആരോപിക്കുന്നു.
ചില സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും സ്പോൺസർ ചെയ്ത നിർമാണങ്ങൾ മാത്രമാണ് അവിടെ നടന്നിട്ടുള്ളത്. 600-ഓളം വീടുകൾ സ്പോൺസർ ചെയ്തെങ്കിലും അതിന്റെ നാലിലൊന്ന് മാത്രമാണ് നിർമിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ നടത്തിയ 'റീബിൽഡ് നിലമ്പൂർ' പ്രഖ്യാപനം കടലാസിൽ മാത്രമായി ഒതുങ്ങിയെന്നും എസ്.ഡി.പി.ഐ ആരോപിക്കുന്നു











