
കോട്ടയം: യുവാവ് വിവാഹ തലേന്ന് രാത്രി വാഹന അപകടത്തിൽ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ - നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) ആണ് മരിച്ചത്. ജിജോമോനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ അപകടമുണ്ടായത്.
എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപത്തുവച്ച് ജിജോയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്ന വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു. എതിർദിശയിൽ വന്ന വാൻ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ജിജോമോന്റെ സഹോദരിമാർ: ദിയ, ജീന






