02:55pm 04 November 2026
NEWS
ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും

20/01/2025  02:02 PM IST
nila
ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും

പാറശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതി ​ഗ്രീഷ്മ വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തെന്ന് തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. അതേസമയം, ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം.ബഷീറാണ് ശിക്ഷ വിധിച്ചത്. നേരത്തെ കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. സമാനതകളില്ലാത്ത കുറ്റകൃത്യം നടന്ന് രണ്ടു വർഷം പിന്നിടുമ്പോഴാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതേവിട്ടു. തെളിവുനശിപ്പിച്ചതിന് അമ്മാവൻ നിർമലകുമാരൻ നായർകുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ആൺസുഹൃത്തായ മുര്യങ്കര ജെ.പി. ഹൗസിൽ ജെ.പി.ഷാരോൺ രാജി(23)നെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയ്‌ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അമ്മ സിന്ധുവിനെ വെറുതേവിട്ടത്. സൈനികനുമായി വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കൊലപാതകം ആസൂത്രണംചെയ്യുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img