ആലുവ: മാലിന്യ സംസ്കരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, ഓരോ വ്യക്തിയുടെയും കടമയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു. ഗ്രീൻവേംസ് ആർ ഡി എഫ് യൂണിറ്റ് എടത്തലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനങ്ങളോട് ജനങ്ങൾ പൂർണ്ണമായി സഹകരിച്ച് നിൽക്കണം. ഹരിത കർമ്മ സേനയും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കുന്ന സംവിധാനങ്ങളെ ചേർത്ത് പിടിച്ചാൽ മാത്രമേ ശുചിത്വ കേരളം യാഥാർത്ഥ്യമാകൂ.
"കേരളത്തെ തിരിച്ചുപിടിക്കാൻ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നമ്മുടെ മണ്ണും വെള്ളവും വായുവും നമ്മുടെ മക്കൾക്ക് വേണ്ടി തിരിച്ചുപിടിക്കണം. അതിനുള്ള പോരാട്ടമാണ് മാലിന്യത്തിനെതിരെയുള്ള ഈ പോരാട്ടം. ഗ്രീൻവേംസ് അടക്കമുള്ള പ്രവർത്തനങ്ങൾ ഈ രംഗത്ത് അത്യന്തം മാതൃകാപരമാണ്," മന്ത്രി പറഞ്ഞു.
മാലിന്യം വേർതിരിച്ച് നൽകുന്നതിലൂടെയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെയും പൊതു ഇടങ്ങളിൽ മാലിന്യം തള്ളാതിരിക്കുന്നതിലൂടെയും ഓരോ പൗരനും ഈ വിപ്ലവത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഗ്രീൻവേംസ് സി.ഇ.ഒ ജാബിർ കാരാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ആലുവ എം.എൽ.എ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എടത്തല ഹരിത കർമ്മ സേന, കൊരട്ടി ഹരിത കർമ്മ സേന, എടത്തല ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട ഹരിതകർമ സേന മാറ്റത്തൂർ ഹരിത കർമ സേന എന്നിവർ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
രണ്ട് വർഷത്തെ തുടർച്ചയായ സമർപ്പണത്തിനും സ്ഥിരതയാർന്ന മെറ്റീരിയൽ കൈമാറ്റത്തിനും എടത്തല ഹരിത കർമ്മ സേനയെയും, പുനരുപയോഗ വസ്തുക്കളുടെ ശേഖരണത്തിൽ നൽകിയ മികച്ച സംഭാവനയ്ക്ക് കൊരട്ടി ഹരിത കർമ്മ സേനയെയും, കഴിഞ്ഞ രണ്ട് വർഷമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഗ്രീൻവേംസുമായി കൈകോർത്തുള്ള മികച്ച സഹകരണത്തിനും പിന്തുണയ്ക്കും എടത്തല ഗ്രാമപഞ്ചായത്തിനെയും ആദരിച്ചു.
എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. മാഹിൻ, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. നാദിർഷ, കബീർ ഹാറൂൻ, എടത്തല ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ മുഹമ്മദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി സന്തോഷ്, എടത്തല ഗ്രാമപഞ്ചായത്ത് മെമ്പർ സനിയ ഷിബു പള്ളിക്കൂടി, സൗണ്ട് അക്കാദമി എറണാകുളം മാനേജിംഗ് ഡയറക്ടർ ബാലകൃഷ്ണൻ പെരിയ, ഗ്രീൻവേംസ് ഡയറക്ടർമാരായ സി.കെ.എ ഷമീർ ബാവ, സി.കെ. ആസിഫ് അലി, സി.ടി. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.ഗ്രീൻവേംസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ജംഷീർ നന്ദി പറഞ്ഞു.










