
സിങ്കപ്പൂരിൽ നടന്ന ഇൻഡോർ എയർ 2026 എന്ന ആഗോള സാങ്കേതിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് മുൻ നിര ശാസ്ത്രജ്ഞന്മാരുടെയും ഗവേഷകരുടെയും പ്രശംസക്ക് അർഹയായി മികവ് തെളിയിച്ച ആറാം ക്ളാസ് വിദ്യാർഥിനി അലിമ ബിൻത് ആഷിറിന് ഖത്തർ കെഎംസിസിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് നൽകിയ ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എം.എൽ.എ സമ്മാനിച്ചു. ഏറ്റവും പ്രായ കുറഞ്ഞ അവതാരക എന്ന നിലയിൽ അംഗീകാരം നേടിയ അലിമയുടെ വിജയക്കുതിപ്പ് പ്രവാസി വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുഴുവൻ വിദ്യാർഥി സമൂഹത്തിനും പ്രചോദനമാണെന്ന് പാറക്കൽ അഭിപ്രായപ്പെട്ടു.
അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കുതിപ്പിലൂടെ പുതിയ മേഖലകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന അലിമയുടെ മുന്നേറ്റം ഇത്തരം മേഖലയിൽ ഒട്ടേറെ പുതിയ പ്രതിഭകളുടെ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി അജ്മൽ നബീൽ ഗ്രീൻ ചെയർമാൻ പിടി ഫിറോസ്, ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി, ഭാരവാഹികളായ പികെ ഹാഷിർ, അൽത്താഫ് ഷറഫ്, അബ്ദുൽ സമദ്, വി ടി റഹീസ് എന്നിവർ സംബന്ധിച്ചു











