05:01pm 13 June 2026
NEWS
ഗ്രീൻചാനൽ സ്വർണ്ണക്കടത്ത്: സിനിമാനടി രന്യറാവുവിന്റെ സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി
07/07/2025  11:35 AM IST
വിഷ്ണുമംഗലം കുമാർ
ഗ്രീൻചാനൽ സ്വർണ്ണക്കടത്ത്: സിനിമാനടി രന്യറാവുവിന്റെ സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി

കർണാടകം: ബംഗളുരു വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തുമ്പോൾ പിടിക്കപ്പെട്ട് നാലുമാസത്തിലേറെയായി ജയിലിൽ കഴിയുന്ന സിനിമാനടി രന്യറാവുവിന്റെ 34.12 കോടി വിലമതിക്കുന്ന സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി. അധികാരത്തിന്റെ ഉന്നത തലങ്ങളുമായി ബന്ധമുള്ള രന്യ ജാമ്യത്തിലിറങ്ങാൻ തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ കൊഫെപോസ വകുപ്പുകൾ ചുമത്തി ആ ശ്രമം ഡി ആർ ഐ തടയുകയായിരുന്നു.മാർച്ച് മൂന്നിനാണ് ദേഹത്ത് ഒളിപ്പിച്ചുവെച്ച 14.2 കിലോ സ്വർണ്ണവുമായി രന്യറാവുവിനെ ഡിആർഐ ( ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടികൂടിയത്. ഡിജിപിയായ രണ്ടാനച്ഛൻ രാമചന്ദ്രറാവുവിന്റെ സ്വാധീനം ദുരുപയോഗം ചെയ്താണ് രന്യ ഗ്രീൻചാനൽ വഴി സ്വർണ്ണം കടത്തിയിരുന്നത്. സുഹൃത്ത് തരുൺ രാജുവിന്റെ സഹായത്തോടെ അതിവിദഗ്ധമായായിരുന്നു കള്ളക്കടത്ത്. യു എൻ പൗരത്വമുള്ള ആളാണ് തരുൺ രാജു. ഹവാല വഴി ബംഗളുരുവിൽനിന്ന് പണമെത്തിച്ചാണ് ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങിയിരുന്നത്. യുഎസ്സിലേക്കും സ്വിറ്റ്സർ ലാൻഡിലേക്കും കൊണ്ടുപോകുന്നു എന്നാണ് ദുബായ് കസ്റ്റംസിൽ ഡിക്ലറേഷൻ നൽകിയത്. പക്ഷെ സ്വർണ്ണം നേരിട്ട് കടത്തിയത് ബംഗളുരുവിലേക്കായിരുന്നു. രണ്ട് വ്യത്യസ്ത യാത്രാരേഖകൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഹവാലയിലൂടെ പണം ദുബായിലെത്തിച്ചതിലും സ്വർണ്ണം വാങ്ങി അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതിലും രന്യറാവുവിന് നിഷേധിക്കാനാവാത്ത പങ്കുണ്ടെന്ന് ഡി ആർ ഐ കണ്ടെത്തിയിരുന്നു. സ്വർണ്ണം വിറ്റുകിട്ടുന്ന പണത്തിൽ നിന്നും ലാഭവിഹിതം മാറ്റിവെച്ച് ബാക്കി തുക വീണ്ടും ഹവാല വഴി അയച്ചാണ് അടുത്ത ബാച്ച് സ്വർണ്ണം വാങ്ങിയിരുന്നത്. ഹവാല ഇടപാട് വ്യക്തമായതോടെയാണ് ഇ ഡി യും അന്വേഷണം ആരംഭിച്ചത്. നാലുതവണയായി 40.14 കോടിയുടെ 49.6 കിലോ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. അഞ്ചാംതവണ കടത്തുമ്പോഴാണ് പിടിക്കപ്പെട്ടത്. കള്ളപ്പണ ഇടപാട് തെളിഞ്ഞതിനാലാണ് ബംഗളുരുവിലെ വീട്, മറ്റൊരു പ്ലോട്ട്, തുമക്കൂറുവിലെ വ്യവസായ ഭൂമി, ആനക്കലിലെ കൃഷിഭൂമി എന്നിവ ഉൾപ്പെടെ 34.12 കോടി വിലമതിപ്പുള്ള സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടിയത്. പിടിക്കപ്പെടുന്നതിന് അഞ്ചുമാസം മുമ്പായിരുന്നു പ്രശസ്ത ആർക്കിടെക് ജതിൻ ഹുക്കേരിയുമായുള്ള രന്യ റാവുവിന്റെ ആഡംബര വിവാഹം. ജതിൻ ഹുക്കേരിയ്ക്ക് സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അപമാനിതനായ ജതിൻ കോടതിയിൽ വിവാഹമോചന ഹരജി നൽകി വിധി കാത്തിരിക്കുകയാണ്. കൊഫെപാസ ചുമത്തിയതിനാൽ ഒരുവർഷം വരെ രന്യറാവുവിന് ജാമ്യം ലഭിക്കാൻ സാധ്യത കുറവാണ്. തരുൺ രാജുവും സ്വർണ്ണം വിൽക്കാൻ സഹായിച്ച സഹിൽ ജയിനും ജയിലിലാണുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img