01:38am 08 November 2026
NEWS
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സം​ഗ ശ്രമമല്ലെന്ന വിധിയിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ

26/03/2025  08:36 AM IST
nila
സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സം​ഗ ശ്രമമല്ലെന്ന വിധിയിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ

സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ കേസ് ഇന്ന് സുപ്രീംകോടതി പരിഹണിക്കും. അലഹബാദ് ഹൈക്കോടതിയുടെ വിവാ​ദ വിധിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി .ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഇന്ന് കേസ് പരി​​ഗണിക്കുക.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയിരുന്ന റിട്ട് ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി സ്വമേധയ കേസെടുത്തത്.

സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഇപ്രകാരം ചെയ്തവർക്കുമേൽ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിധി തെറ്റാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി അഭിപ്രായപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img