
കണ്ണൂർ: ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും നിലപാട് തിരുത്തുകയാണെങ്കിൽ പാർട്ടിയിലേക്ക് മടങ്ങിവരുന്നതിന് സിപിഎമ്മിന് എതിർപ്പില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ വ്യക്തമാക്കി. നയപരമായ തെറ്റുകൾ സംഭവിച്ചവരെ ജീവിതകാലം മുഴുവൻ ഒറ്റപ്പെടുത്തുന്ന സമീപനം പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും പിന്നീട് സിപിഎം സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറാകുന്നവർക്ക് പാർട്ടിയുടെ വാതിൽ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഏതുഘട്ടത്തിലാണ് തെറ്റുതിരുത്തിയാൽ പാർട്ടി അവരോട് പൊറുക്കാത്തത്. എം.വി.രാഘവൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലത്ത് സിപിഎമ്മുമായി സഹകരിച്ചല്ലേ വന്നത്. കെ.ആർ.ഗൗരിയമ്മ, അവർ പാർട്ടിയിൽ നിന്ന് മാറി എതിരാളികളോടൊപ്പം ചേർന്ന് മന്ത്രിയായി. അവസാനകാലത്ത് അവരും സിപിഎമ്മുമായി സഹകരിച്ചിട്ടല്ലേ പ്രവർത്തിച്ചത്. യഥാർഥത്തിൽ കമ്യൂണിസ്റ്റുകാരുടെ ഈയൊരു പ്രത്യേകത നമ്മൾ കാണണം. ഒരിക്കൽ നയപരമായി അല്ലെങ്കിൽ സംഘടനാപരമായി അവർക്ക് തെറ്റുപറ്റി. എന്നുകരുതി ഒരിക്കലും കമ്യൂണിസ്റ്റുകാരായ പഴയ ആളുകളെ മുഴുവൻ ഒറ്റപ്പെടുത്തി മുന്നോട്ട് പോകുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. അവരുടെ രാഷ്ട്രീയത്തെ എതിർക്കും. അന്നത്തെ നിലപാടിനെ എതിർക്കും’’– എം.വി.ജയരാജൻ പറഞ്ഞു.
അതേസമയം, പ്രസ്താവനയെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ വിശദീകരണവുമായി ജയരാജൻ വീണ്ടും രംഗത്തെത്തി. ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും തെറ്റ് തിരുത്താനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, എന്നാൽ അത് ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ അവർ വഞ്ചകരാണെന്ന വിലയിരുത്തലിലായിരിക്കും പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തന്നെ അവർക്ക് നിലപാട് തിരുത്താനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും ജയരാജൻ ആരോപിച്ചു. മുമ്പ് ശക്തമായി എതിർത്തിരുന്ന പല നയങ്ങളും പദ്ധതികളും ഇന്ന് യുഡിഎഫ് തന്നെ നടപ്പാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫിൽ ചേർന്ന സമയത്ത് വലിയ പ്രതീക്ഷകളോടെയായിരിക്കാം അവർ പോയതെന്നും, എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ പിന്നീട് മാറിയെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.










