
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽനിന്നും. ഇയാൾ ജയിൽചാടി മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസിന് പിടികൂടാനായി. നാട്ടുകാരുടെ സഹായത്തോടെയാണ് ഗോവിന്ദച്ചാമിയെ പൊലീസ് സാഹസികമായി പിടികൂടിയത്. ഇയാളെ പിന്നീട് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്നു പുലർച്ചെയാണ് കണ്ണൂർ അതിസുരക്ഷാ ജയിലിൽനിന്ന് ഇയാൾ രക്ഷപെട്ടത്. പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ തളാപ്പിലെ റോഡിൽവെച്ച് പ്രദേശവാസിയായ ഒരാൾ ഒരു കൈ ഇല്ലാത്തയാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാൾ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
തളാപ്പിലുള്ള കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചന ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയിൽ ചാടിയ വാർത്ത ഇതിനകം നാട്ടിൽ പരന്നിരുന്നു. സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവർ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് ഇയാൾ ഓടിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കയറിയതായി സൂചന ലഭിച്ചിരുന്നു. വീട് വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി മതിൽച്ചാടി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന് സമീപത്തേക്കെത്തുകയും കോമ്പൗണ്ടിലെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു.
പ്രതിക്കായി വീടിന്റെ മുക്കിലും മൂലയിലും പൊലീസ് പരിശോധന നടത്തി. പോലീസ് വീട് വളഞ്ഞപ്പോൾ ഇയാൾ ഇറങ്ങിയോടി ഈ സമയത്ത് പ്രതി കിണറ്റിൽ ചാടിയെന്നാണ് സംശയിക്കുന്നത്. പിന്തുടർന്നെത്തിയ പൊലീസ് പ്രതിയെ കിണറ്റിൽനിന്ന് സാഹസികമായി തൂക്കിയെടുക്കുകയായിരുന്നു.











