
തിരുവനന്തപുരം: സർവകലാശാലയിലെ രജിസ്ട്രാർ ഡോ. അനിൽകുമാറിനെ പുറത്താക്കാൻ ഗവർണർ വി.സിക്ക് നിർദ്ദേശം നൽകി. ഡോ. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റിന്റെ സമാന്തര യോഗം നിയമവിരുദ്ധമാണെന്നും അതിലെ തീരുമാനങ്ങൾക്ക് യാതൊരു സാധുതയുമില്ലെന്നും ഗവർണർ വ്യക്തമാക്കി.
സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ ഡോ. അനിൽകുമാർ ഓഫീസിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഉടൻ പുറത്തുപോകണമെന്നും വി.സിയുടെ അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിക്കരുതെന്നും അറിയിക്കാൻ ഗവർണർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിന് നിർദ്ദേശം നൽകി. ഇന്ന് തിരിച്ചെത്തുന്ന വി.സി ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഡോ. അനിൽകുമാർ ഓഫീസൊഴിയുന്നില്ലെങ്കിൽ പോലീസ് സഹായം തേടാൻ വി.സിക്ക് അനുമതി നൽകിയിട്ടുണ്ട്. സമാന്തര യോഗത്തിലെ തീരുമാനങ്ങൾക്ക് കടലാസിന്റെ വിലപോലുമില്ലെന്നും അതിനാൽ ഡോ. അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണെന്നുമാണ് ഗവർണറുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി വി.സിക്ക് വീണ്ടും ഉത്തരവിറക്കാമെന്നും ഗവർണർ അറിയിച്ചു. ഈ വിഷയത്തിൽ വി.സിക്ക് പൂർണ്ണ അധികാരം ഗവർണർ നൽകിയിട്ടുണ്ട്. സസ്പെൻഷൻ ഉത്തരവ് പുനഃപരിശോധിക്കാനും വി.സിക്ക് അധികാരമുണ്ടാകും.
വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്ന ഡോ. സിസാ തോമസ് സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടതിന് ശേഷം, ഡോ. പി.എം. രാധാമണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാന്തര യോഗമാണ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിന്റെ മിനിട്ട്സും ഡോ. അനിൽകുമാറിന് ചുമതലയേൽക്കാൻ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാർ ഇറക്കിയ ഉത്തരവും അഡ്‌മിനിസ്ട്രേറ്റീവ് സെക്ഷനിൽ നിന്ന് പിടിച്ചെടുത്ത് വി.സി ഇന്നലെ ഗവർണർക്ക് കൈമാറിയിരുന്നു. താൻ സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടതിന്റെ യഥാർത്ഥ മിനിട്ട്സും സിസാ തോമസ് ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയത് നിയമസാധുതയില്ലാത്ത യോഗമാണെന്ന് വിലയിരുത്തിയാണ് സമാന്തര യോഗവും അതിലെ തീരുമാനങ്ങളും അസാധുവാണെന്ന് ഗവർണർ പ്രഖ്യാപിച്ചത്.
സിൻഡിക്കേറ്റിലെ ഏതൊരു തീരുമാനവും അംഗീകരിക്കാനും നടപ്പാക്കാനും വി.സിക്ക് രണ്ടുവട്ടം ഒപ്പുവയ്ക്കേണ്ടതുണ്ട്. തീരുമാനം അംഗീകരിച്ചശേഷവും വി.സിക്ക് അത് നടപ്പാക്കാതിരിക്കാൻ അധികാരമുണ്ട്.











