
മികച്ച മാധ്യമപ്രവർത്തകന് പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ ടിവിആർ ഷേണായി അവാർഡ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് സണ്ണിക്കുട്ടി എബ്രഹാം സ്വീകരിക്കുന്നു.പ്രൊഫ. കെവി തോമസ്, ജോസ് പനച്ചിപ്പുറം എന്നിവർ സമീപം
കൊച്ചി: സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാനും പ്രതികൂലമാക്കാനുമുള്ള മാധ്യമങ്ങളുടെ കഴിവ് വീണ്ടുമൊരു അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ട്പോകാതെ കാത്തുസൂക്ഷിക്കാൻ ഉപയോഗപ്പെടുത്തണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ജനാധിപത്യത്തെ അസ്ഥിരപ്പെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മാധ്യമങ്ങൾ ഇന്ന് ന്യൂസിന് പകരം വ്യൂസ് ആണ് കൊടുത്തുവരുത്. ഒന്നാം പേജുകളിൽ വാർത്തകളില്ല, വ്യൂസ് മാത്രമാണുള്ളത്.ആഴ്ച്ചയിൽ ഒരിക്കലെങ്കിലും പോസിറ്റിവായ ഒരു വാർത്തയെങ്കിലും കൊടുക്കാൻ മാധ്യമങ്ങൾ തയാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മികച്ച മാധ്യമ പ്രവർത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നൽകി വരുന്ന ടി.വി.ആർ. ഷേണായ് അവാർഡ് സണ്ണിക്കുട്ടി എബ്രഹാമിന് നൽകികൊണ്ട് സംസാരിക്കുകയായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
തേവര എസ്.എച്ച്. കോളേജ് മൻമോഹൻ സിംഗ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എച്ച്. കോളേജ് മാനേജറും സി.എം.ഐ കോൺഗ്രിഗേഷൻ പ്രയോർ എസ്.എച്ച്. മോണസ്ട്രിയുമായ ഫാ. വർഗീസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു.പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റിയും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ് സ്വാഗതം പറഞ്ഞു.തേവര എസ്.എച്ച്. സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ് അവാർഡ് പ്രഖ്യാപനം നടത്തി.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറത്തെ ഗവർണർ പൊന്നാട അണിയിച്ചു ആദരിച്ചു. സണ്ണിക്കുട്ടി എബ്രഹാം നന്ദി പറഞ്ഞു.മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന ടിവിആർ ഷേണായിയുടെ സ്മരണക്കായി പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നൽകി വരുന്ന ആറാമത് അവാർഡ് ആണിത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമാണ് അവാർഡ്.
Photo Courtesy - Google










