11:05am 17 August 2026
NEWS
പരീക്ഷാ ക്രമക്കേട്: കേരള പി എസ് സിയെ പിരിച്ചുവിടാൻ വഴിതേടി ​ഗവർണർ
17/08/2026  08:25 AM IST
nila
 പരീക്ഷാ ക്രമക്കേട്: കേരള പി എസ് സിയെ പിരിച്ചുവിടാൻ വഴിതേടി ​ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ കടുത്ത നിലപാടിലേക്ക്. നൂറോളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിനുള്ള സാധ്യതയാണ് രാജ്ഭവൻ പരിശോധിക്കുന്നത്. പി.എസ്.സി. ഭരണഘടനാ സ്ഥാപനമായതിനാൽ സ്വീകരിക്കാവുന്ന തുടർനടപടികളെക്കുറിച്ച് ഗവർണർ നിയമോപദേശം തേടിയതായാണ് ലോക്ഭവൻ വൃത്തങ്ങൾ പറയുന്നത്.

പരീക്ഷാക്രമക്കേടിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലും ഗവർണർ തൃപ്തനല്ലെന്നാണ് വിവരം. വിവാദം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും നിർണായകമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.

നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആസൂത്രിത പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള പരാതികളിൽ പരിശോധന തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇതിനിടെ, പി.എസ്.സി.യുടെ പരീക്ഷാവിഭാഗത്തിലെത്തി പൊലീസ് രേഖകൾ പരിശോധിച്ചിരുന്നു. പി.എസ്.സി.യുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പൊലീസ് പരിശോധന ആദ്യമായാണ്.

ഗവർണർക്ക് നേരിട്ട് പിരിച്ചുവിടാനാകില്ല

പി.എസ്.സിക്ക് ഭരണഘടനാപരമായ പരിരക്ഷയുള്ളതിനാൽ ഗവർണർക്ക് നേരിട്ട് കമ്മിഷനെ പിരിച്ചുവിടാനാകില്ല. ഭരണഘടനയിലെ അനുച്ഛേദം 317 പ്രകാരമുള്ള നടപടിക്രമങ്ങളാണ് ഇക്കാര്യത്തിൽ നിർണായകം.

ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് വിഷയം അന്വേഷണത്തിനായി സുപ്രീംകോടതിക്ക് വിടാനാകും. സുപ്രീംകോടതി അന്വേഷണം നടത്താൻ നിർദേശിച്ചാൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് സാധിക്കും. അന്വേഷണത്തിൽ കമ്മിഷനെതിരെ പ്രതികൂല കണ്ടെത്തലുണ്ടായാൽ പി.എസ്.സി. പിരിച്ചുവിടുന്ന കാര്യത്തിൽ രാഷ്ട്രപതിക്ക് നടപടി സ്വീകരിക്കാനാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പി.എസ്.സി. പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ യുവജന പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തിലെ സംഭവത്തിലും ഗവർണറുടെ ഇടപെടൽ. കേരളത്തിലെ നിലവിലെ പി.എസ്.സി. കമ്മിഷൻ എൽഡിഎഫ്. സർക്കാരിന്റെ കാലത്താണ് നിയമിതമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img