09:16am 10 November 2026
NEWS
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റിന്: കേരള സർവകലാശാലയിൽ പ്രതിസന്ധി രൂക്ഷം


08/07/2025  10:57 AM IST
സുരേഷ് വണ്ടന്നൂർ
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് സിൻഡിക്കേറ്റിന്: കേരള സർവകലാശാലയിൽ പ്രതിസന്ധി രൂക്ഷം

കേരള സർവകലാശാലയിൽ ഞായറാഴ്ച ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലെ വിവാദ തീരുമാനങ്ങളെക്കുറിച്ച് വി.സിയുടെ ചുമതലയുള്ള ഡോ. സിസാ തോമസ് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന്, സിൻഡിക്കേറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗവർണർ തീരുമാനിച്ചു. ഈ നോട്ടീസിന് ശേഷമായിരിക്കും സമാന്തര യോഗത്തിലെ തീരുമാനങ്ങൾ ഗവർണർ റദ്ദാക്കുക.
സിൻഡിക്കേറ്റ് തീരുമാനപ്രകാരം ഡോ. അനിൽകുമാർ രജിസ്ട്രാറായി ചുമതലയേറ്റതിനെക്കുറിച്ച് ഗവർണർ നേരത്തെ വി.സിയോട് റിപ്പോർട്ട് തേടിയിരുന്നു. സർവകലാശാലാ നിയമം 7(3) പ്രകാരം മിനിട്ട്സും രേഖകളും ഗവർണർ വിളിപ്പിച്ച് പരിശോധിക്കും.

മുൻപ് രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിൽ നിന്ന് താൻ ചുമതലയേറ്റതായി ഡോ. അനിൽകുമാർ വി.സിയെ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് വി.സി വിശദീകരണം തേടിയപ്പോൾ, സ്വകാര്യാവശ്യത്തിന് അവധിയിലാണെന്നും ചുമതല ഡോ. അനിൽകുമാറിന് കൈമാറിയെന്നും ഹരികുമാർ ഇ-മെയിലിൽ മറുപടി നൽകി. ഇതേത്തുടർന്ന് പി. ഹരികുമാറിനെ അഡ്‌മിനിസ്ട്രേഷൻ സീനിയർ ജോയിന്റ് രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് മാറ്റി അക്കാഡമിക് ജോയിന്റ് രജിസ്ട്രാർ ഹേമാ ആനന്ദനെ നിയമിച്ചു. ഹരികുമാറിനെ അക്കാദമിക്കിലേക്ക് മാറ്റിയിട്ടുണ്ട്. ഡോ. അനിൽകുമാറിന് ചുമതല നൽകിയതുമായി ബന്ധപ്പെട്ട് വി.സി ആവശ്യപ്പെട്ട രേഖകൾ ഹരികുമാർ കൈമാറിയിട്ടില്ല.

രണ്ട് രജിസ്ട്രാർമാർ, തടഞ്ഞുവെച്ച ചുമതലയേൽക്കൽ

നിലവിൽ കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ ചുമതലയിൽ രണ്ട് പേരാണ് ഉള്ളത്. ഡോ. കെ.എസ്. അനിൽകുമാർ സിൻഡിക്കേറ്റിന്റെ സമാന്തര യോഗത്തിന്റെ നിർദ്ദേശപ്രകാരം രജിസ്ട്രാറുടെ ഓഫീസിലുണ്ട്. അതേസമയം, പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി കാപ്പന് വി.സി രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നെങ്കിലും, ഇടതുപക്ഷ ജീവനക്കാർ തടഞ്ഞതിനാൽ അവർക്ക് ചുമതലയേൽക്കാൻ സാധിച്ചില്ല. ഡിജിറ്റൽ ഫയൽ സംവിധാനത്തിൽ നിന്ന് അനിൽകുമാറിന്റെ യൂസർ ഐ.ഡിയും പാസ്‌വേർഡും വി.സി നേരത്തെ റദ്ദാക്കിയിരുന്നു. വി.സി. ഡോ. മോഹനൻ കുന്നുമ്മേൽ 9-ന് തിരിച്ചെത്തിയ ശേഷം ഹരികുമാറിനെതിരെ നടപടിയെടുത്തേക്കും.

അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് റിപ്പോർട്ട്

ഡോ. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് ഡോ. സിസാ തോമസ് ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഡോ. അനിൽകുമാർ ഇപ്പോഴും സസ്പെൻഷനിലാണ്. ഓഫീസിലെത്തിയത് നിയമപരമല്ല. സിൻഡിക്കേറ്റ് യോഗതീരുമാനങ്ങളടങ്ങിയ മിനിട്ട്സ് തനിക്ക് ലഭിച്ചിട്ടില്ലെന്നും, മിനിട്സിൽ വി.സി ഒപ്പിട്ടാലേ അതിന് സാധുതയുള്ളൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സസ്പെൻഷൻ റദ്ദാക്കി ഉത്തരവിറക്കാൻ വി.സിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും, സർവകലാശാലയിൽ നിയമപ്രകാരം പ്രവർത്തിക്കാൻ സംവിധാനമൊരുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാന്തര യോഗത്തിനെതിരെ നടപടിയാവശ്യപ്പെട്ട് സെനറ്റംഗം അഡ്വ. മഞ്ജു ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.

ആർ. രാജേഷിന്റെ ഹർജി വിധി പറയാനിരിക്കേ വിവാദം

കേരള സർവകലാശാലാ സിൻഡിക്കേറ്റംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സർവകലാശാലാ നിയമനവുമായി ബന്ധപ്പെട്ട് രാജേഷ് നൽകിയ ഹർജി വിധി പറയാൻ മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിമർശനം. "ഹൈക്കോടതിയിൽ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല" എന്ന തലക്കെട്ടിലുള്ള കുറിപ്പിനെയാണ് കോടതി വിമർശിച്ചത്. പോസ്റ്റ് കോടതിയുടെയും ന്യായാധിപന്റെയും സൽപേരാണ് കളങ്കപ്പെടുത്തുന്നതെന്നും, കേസിന്റെ പേരിൽ സമ്മർദ്ദം ചെലുത്താനാണ് ശ്രമമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img