
കേന്ദ്രനയങ്ങളെ അന്ധമായി എതിർക്കുന്ന രാഷ്ട്രീയം സംസ്ഥാനങ്ങൾ ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആവശ്യപ്പെട്ടു. കേരളവും ബംഗാളും വികസനസൗഹൃദ രാഷ്ട്രീയം പിന്തുടരുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഗവർണറുടെ അധികാരം പരിമിതമല്ലെന്നും, ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ തനിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശ് അതിർത്തി വഴിയുള്ള മനുഷ്യക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, കള്ളപ്പണം തുടങ്ങിയ അനാശാസ്യ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സഹകരണം കുറവാണെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മമതാ ബാനർജിയുമായി വ്യക്തിപരമായ നല്ല ബന്ധമുണ്ടെങ്കിലും ഭരണഘടനാപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ വോട്ടർപട്ടികയിൽ ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണം ഗുരുതരമാണെന്നും, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്, ബൂത്ത് പിടിച്ചെടുക്കൽ തുടങ്ങിയവ യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപീഡനങ്ങൾക്കെതിരെ സംസ്ഥാനം കൊണ്ടുവന്ന 'അപരാജിത' ബിൽ കേന്ദ്ര ക്രിമിനൽ നിയമങ്ങളെ മറികടക്കുന്നതിനാൽ രാഷ്ട്രപതിക്ക് തിരിച്ചയച്ചതായും ഗവർണർ അറിയിച്ചു.
കായിക, സാംസ്കാരിക മേഖലകളിൽ രാജ്ഭവൻ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും കേരളവും ബംഗാളും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അഴിമതിയും അക്രമരഹിതവുമായ 'സംശുദ്ധ ബംഗാൾ' എന്നതാണ് തന്റെ ലക്ഷ്യമെന്നും, ഇതിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന 'അഡ്ഡ'കൾ സന്ദർശിക്കുകയും പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്യുന്നതായും ഗവർണർ കൂട്ടിച്ചേർത്തു.











