09:04pm 09 November 2026
NEWS
ഗവർണർ 3 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചേക്കും ഭരണഘടനാപരമായ നീക്കം
11/06/2025  09:09 AM IST
സുരേഷ് വണ്ടന്നൂർ
ഗവർണർ 3 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചേക്കും ഭരണഘടനാപരമായ നീക്കം

കേരള നിയമസഭ പാസാക്കിയ രണ്ട് സർവകലാശാലാ നിയമ ഭേദഗതി ബില്ലുകളും സ്വകാര്യ സർവകലാശാലാ ബില്ലും ഗവർണർ  രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചേക്കും. മാർച്ചിൽ നിയമസഭ പാസാക്കിയ ഈ ബില്ലുകളിൽ മൂന്ന് മാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബില്ലുകളിൽ അനുമതി നൽകുക, അനുമതി നിഷേധിക്കുക, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കുക എന്നീ മൂന്ന് നടപടികളാണ് ഗവർണർക്ക് സ്വീകരിക്കാൻ സാധിക്കുന്നത്. ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കുകയും പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധികാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് നിയമ ഭേദഗതികളെന്ന് ഗവർണർ വിലയിരുത്തിയിട്ടുണ്ട്. നിലവിൽ സർവകലാശാലാ നിയമങ്ങളിൽ മന്ത്രിക്ക് പരിമിതമായ അധികാരങ്ങളാണുള്ളത്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ ഏത് വിവരവും മന്ത്രിക്ക് നേരിട്ട് ആവശ്യപ്പെടാൻ അധികാരമുണ്ടാകും.

വൈസ് ചാൻസലറുടെ അധികാരങ്ങൾ കവരുന്ന വ്യവസ്ഥകളും ബില്ലുകളിലുണ്ട്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, യൂണിവേഴ്സിറ്റി യൂണിയൻ എന്നിവയിലെ തിരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യാനും സമിതികൾ രൂപീകരിക്കാനുമുള്ള അധികാരം വൈസ് ചാൻസലറിൽ നിന്ന് രജിസ്ട്രാർക്ക് നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇത് സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണർ തീരുമാനിച്ചത്. സ്വകാര്യ സർവകലാശാലാ ബില്ലിൽ യു.ജി.സി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുന്നത്.
ബില്ലുകളിലെ തുടർനടപടികളെക്കുറിച്ച് ഗവർണർ തന്റെ നിയമോപദേശകനുമായി ചർച്ച നടത്തുകയും ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img