04:31am 10 November 2026
NEWS
എസ്. നസീബിന്റെ അസോസിയേറ്റ് പ്രൊഫസർ പ്രൊമോഷൻ ഗവർണർ റദ്ദാക്കി: യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കണ്ടെത്തൽ
27/05/2025  07:55 PM IST
സുരേഷ് വണ്ടന്നൂർ
എസ്. നസീബിന്റെ അസോസിയേറ്റ് പ്രൊഫസർ പ്രൊമോഷൻ ഗവർണർ റദ്ദാക്കി: യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കണ്ടെത്തൽ

കേരള സർവകലാശാലയിലെ സി.പി.എം. അധ്യാപക സംഘടന നേതാവും സിൻഡിക്കേറ്റ് അംഗവുമായ എസ്. നസീബിന് അസോസിയേറ്റ് പ്രൊഫസറായി നൽകിയ പ്രൊമോഷൻ ഗവർണർ  റദ്ദാക്കി. കരാർ നിയമന കാലാവധി കൂടി പ്രൊമോഷനായി പരിഗണിച്ചത് യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി.

നസീബിന്റെ നിയമനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ സർവകലാശാലയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ചർച്ച ചെയ്യാൻ മെയ് 5-ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം, പ്രൊമോഷൻ പുനഃപരിശോധിക്കേണ്ടതില്ലെന്നും ഗവർണറുടെ നോട്ടീസ് തള്ളിക്കളയണമെന്നും തീരുമാനിച്ചു. വൈസ് ചാൻസലറുടെയും പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എതിർപ്പ് അവഗണിച്ചായിരുന്നു ഈ തീരുമാനം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് സമാനമായ ശമ്പളത്തോട് കൂടിയുള്ള അധ്യാപന പരിചയം മാത്രമേ പ്രൊമോഷന് കണക്കാക്കാൻ പാടുള്ളൂ എന്നാണ് യു.ജി.സി. വ്യവസ്ഥ. എന്നാൽ, നസീബിന് സംസ്കൃത സർവകലാശാലയിൽ താൽക്കാലിക നിയമനം ലഭിച്ചത് അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തേക്കാൾ കുറഞ്ഞ വേതനത്തിലായിരുന്നു. ഈ കരാർ നിയമന കാലയളവ് പ്രൊമോഷന് പരിഗണിക്കുന്നത് നിലവിലെ നിരവധി അധ്യാപകരുടെ പ്രൊമോഷനുകൾ മുൻകാല പ്രാബല്യത്തോടെ പുനഃപരിശോധിക്കുന്നതിന് ഇടയാക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ചൂണ്ടിക്കാട്ടിയിരുന്നു.

സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്തതിനെ തുടർന്ന് ഡോ. നസീബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, വിഷയത്തിൽ ഗവർണർ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

അതിനിടെ, നിയമസഭയുടെ അവസാന സമ്മേളനം പാസാക്കിയ സർവകലാശാല നിയമഭേദഗതി ബില്ലിൽ പി.വി.സി.യുടെ യോഗ്യത പ്രൊഫസർ പദവിയിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറുടേതായി താഴ്ത്തിയത് നസീബിന് പി.വി.സി. സ്ഥാനം നൽകാനാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി (SUCC) ആരോപിച്ചു. അതുകൊണ്ടാണ് യു.ജി.സി. വ്യവസ്ഥകൾ മറികടന്ന് പ്രൊമോഷൻ നൽകാൻ സിൻഡിക്കേറ്റിലെ സി.പി.എം. അംഗങ്ങൾ നിലപാടെടുത്തതെന്നും കമ്മിറ്റി ആരോപിച്ചു. നസീബിന്റെ അനധികൃത പ്രൊമോഷൻ തടയണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്കും വൈസ് ചാൻസലർക്കും നിവേദനം നൽകിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img