12:16pm 06 August 2026
NEWS
വിദ്യാർത്ഥികളുടെ ഭാവിയിൽ സർക്കാരുകളുടെ ഗൗരവ ശ്രദ്ധ വേണം : ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ
27/07/2026  06:30 PM IST
nila
വിദ്യാർത്ഥികളുടെ ഭാവിയിൽ സർക്കാരുകളുടെ ഗൗരവ ശ്രദ്ധ വേണം : ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

 

ദോഹ: ഭാവി തലമുറയെ കെട്ടിപ്പടുക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിൽ സർക്കാറുകൾ ഗൗരവ ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. 

വിദ്യാഭ്യാസത്തിന്റെ ഗൗരവവും പ്രാധാന്യവും നഷ്ടപ്പെടാതിരിക്കാനും പരീക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനും സത്വരശ്രദ്ധ അനിവാര്യമാണ്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനും പരീക്ഷകളെ വില്പനച്ചരക്ക് ആക്കാനും ശ്രമിക്കുന്ന എല്ലാതരം കേന്ദ്രങ്ങൾക്കെതിരെയും ശിക്ഷാനടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ആവശ്യമായ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളുടെ കൂടെ നിന്ന എല്ലാവരെയും ഇസ്‌ലാഹി സെന്റർ അഭിനന്ദിച്ചു. 

മാനസിക സമ്മർദ്ദം മൂലം ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികൾക്കും സമരഭൂമിയിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കും അർഹമായ നഷ്ടപരിഹാരം നൽകാനും ഉത്തരവാദിത്തപ്പെട്ടവർ സന്നദ്ധമാകണമെന്ന് ഇസ്‌ലാഹി സെന്റർ  ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ആധുനിക വിപണി സാധ്യതകൾക്കനുസൃതമായ സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കണം. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ ശേഷിയും സംരംഭകത്വ നൈപുണ്യവും ഉറപ്പാക്കുന്ന രീതിയിലേക്ക് പാഠ്യപദ്ധതി പുനഃക്രമീകരിക്കണം. സർവകലാശാലകൾക്ക് റാങ്കിംഗ് നൽകുമ്പോൾ ബിരുദധാരികളുടെ തൊഴിൽക്ഷമത കൂടി പ്രധാന മാനദണ്ഡമാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.  

രാജ്യത്തുനിന്ന് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും ഉയർന്നുവരുന്നതിനായി ഗവേഷണ മേഖലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം. ബിരുദങ്ങൾ നൽകുന്നതിനപ്പുറം വിദ്യാർത്ഥികളിൽ നൈപുണ്യവും ഇന്നൊവേഷനും വളർത്തുന്ന തരത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം സർവകലാശാലകളിൽ ഒരുക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

പ്രസിഡന്റ്‌ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം, നിസാർ ചെട്ടിപടി, ഹമീദ് കല്ലിക്കണ്ടി, റിയാസ് വാണിമേൽ, മൊയ്‌ദീൻ ഷാ, നാസിറുദ്ദീൻ ചെമ്മാട്, അലി ചാലിക്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

മുജീബ് മദനി, ഡോ.റസീൽ, മുഹമ്മദ്‌ ഷൗലി, നവീർ ഫാറൂഖി, അജ്മൽ ജൗഹർ, ശാഹുൽ നന്മണ്ട, ശനീജ് എടത്തനാട്ടുകര, അഹ്‌മദ്‌ മുസ്തഫ എന്നിവർ വിവിധ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img