01:31pm 12 November 2026
NEWS
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്ക് പ്രതിമാസം 1000 രൂപ സർക്കാർ തരും
02/01/2026  06:34 PM IST
nila
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്ക് പ്രതിമാസം 1000 രൂപ സർക്കാർ തരും

 

 ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവതീയുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് പ്രതിമാസം 1,000 രൂപ വീതം സഹായം ലഭിക്കും.

അർഹത മാനദണ്ഡങ്ങൾ

കേരളത്തിൽ സ്ഥിരതാമസമുള്ള 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരും UPSC, PSC, ബാങ്ക്, റെയിൽവേ, പ്രതിരോധ സേനകൾ ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകൾക്ക് അപേക്ഷ നൽകി തയ്യാറെടുക്കുന്നവരും പദ്ധതിക്ക് അർഹരാണ്.

അപേക്ഷ രീതി

അപേക്ഷകൾ eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി മാത്രം സ്വീകരിക്കും.

സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങൾ

അപേക്ഷ ലഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയുള്ള മുൻഗണന ക്രമത്തിലാണ് സഹായം അനുവദിക്കുക. ഒരാൾക്ക് നൈപുണ്യ പരിശീലനമോ മത്സരപരീക്ഷാ തയ്യാറെടുപ്പോ ഏത് വിഭാഗത്തിലായാലും ഒരിക്കൽ മാത്രമായി പരമാവധി 12 മാസം സഹായം ലഭിക്കും.

അർഹതയില്ലാത്തവർ

സാമൂഹിക ക്ഷേമ പെൻഷനുകൾ, സർവീസ്/കുടുംബ പെൻഷൻ, EPF പെൻഷൻ എന്നിവ ലഭിക്കുന്നവർ, മറ്റ് കേന്ദ്ര–സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ സ്വീകരിക്കുന്നവർ, സർക്കാർ വകുപ്പുകളിലോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
അതുപോലെ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/എലിജിബിലിറ്റി പരീക്ഷകൾക്കുള്ള പരിശീലനവും പദ്ധതിയുടെ പരിധിയിൽപ്പെടില്ല.

അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ

ജനന സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ രേഖകൾ, തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവ നിർബന്ധമാണ്.
നൈപുണ്യ പരിശീലനം നടത്തുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റോ സത്യവാങ്മൂലമോ, മത്സരപരീക്ഷാ തയ്യാറെടുപ്പുകാർ പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ആവശ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img