
തിരുവനന്തപുരം: സമരക്കാരുടെ ആവശ്യം പരിഗണിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനം. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾക്ക് ആറുമാസം കൂടി കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയ ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പിന്റെ ഭാഗമായാണ് സർക്കാർ നടപടി.
അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലായിരിക്കും പുതിയ കോടതികൾ പ്രവർത്തനം ആരംഭിക്കുക. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള എൻഡിപിഎസ് കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്.











