12:42am 21 October 2026
NEWS
അനധികൃത സ്പാകൾക്കെതിരെ കർശന നിയമനിർമ്മാണത്തിന് സർക്കാർ: കുറ്റക്കാർക്കെതിരെ ഗുണ്ടാനിയമവും പരിഗണനയിൽ
20/10/2026  08:47 AM IST
ന്യൂസ് ബ്യൂറോ
അനധികൃത സ്പാകൾക്കെതിരെ കർശന നിയമനിർമ്മാണത്തിന് സർക്കാർ: കുറ്റക്കാർക്കെതിരെ ഗുണ്ടാനിയമവും പരിഗണനയിൽ

തിരുവനന്തപുരം: ഹൈടെക് അനാശാസ്യ കേന്ദ്രങ്ങളായി മാറുന്ന അനധികൃത സ്പാകളിലെ ലൈംഗികചൂഷണം തടയാൻ ശക്തമായ നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നു. സ്പാകൾക്ക് അനുമതി നൽകാനും അവിടെ സ്ത്രീസുരക്ഷ ഉറപ്പാക്കാനും ലൈംഗികചൂഷണം തടയാനുമടക്കം വ്യവസ്ഥളോടെയുള്ള നിയമമാണ് പരിഗണനയിൽ. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് വെൽനെസ് സെന്ററെന്ന വ്യാജേന ലൈസൻസ് നേടി, മസാജ് പാർലറുകളായും സ്പാകളായും രൂപംമാറുന്നവയാണ് ഇവയിലേറെയും.
​അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം പെൺകുട്ടികളെയെത്തിച്ച് ചൂഷണംചെയ്യുകയും ആളുകളെ ഹണിട്രാപ്പിലടക്കം കുടുക്കി പണം തട്ടുകയുമാണ് രീതി. സംസ്ഥാനത്ത് 3000 അനധികൃത സ്പാകളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനുപിന്നാലെ സ്പാകളിലെ ചൂഷണം കൂടുതലായി പുറത്തുവന്നു. ആഭ്യന്തരവകുപ്പ് 'ഓപ്പറേഷൻ സ്പാ' എന്നപേരിൽ പൊലീസ് ഓപ്പറേഷനും പ്രഖ്യാപിച്ചു. ക്രമസമാധാനചുമതലയുള്ള അഡി.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിലാണിത്.
​അനധികൃതവും ചൂഷണം നടക്കുന്നതുമായ സ്പാകൾ പൂട്ടിക്കും. ഉടമകൾക്കെതിരേ ക്രിമിനൽ കേസെടുക്കും. കുറ്റകൃത്യം ആവർത്തിക്കുന്ന സ്പാ ഉടമകൾക്കെതിരേ ഗുണ്ടാനിയമം ചുമത്തുമെന്നും പി.വിജയൻ ' പറഞ്ഞു. ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസായ തെറാപ്പിസ്റ്റുകൾക്കേ സ്പാ, മസാജ് കേന്ദ്രങ്ങളിൽ ലൈസൻസ് നൽകൂ. മസാജ് കേന്ദ്രങ്ങളിലെ ചികിത്സാരീതി ആയുർവേദ രീതി പ്രകാരമായിരിക്കണം. പകർച്ചവ്യാധി ഇല്ലെന്നുൾപ്പെടെയുള്ള ആരോഗ്യസർട്ടിഫിക്കറ്റ് വേണം. ജീവനക്കാർക്ക് ഐ.ഡി കാർഡ്, ഹാജർബുക്ക് എന്നിവയും നിർബന്ധം. പുരുഷന്മാരെ സ്ത്രീകളും സ്ത്രീകളെ പുരുഷന്മാരും മസാജ് ചെയ്യുന്ന ക്രോസ്മസാജിംഗ് അനുവദിക്കില്ല.
​കാറ്റിൽ പറക്കുന്ന ചട്ടങ്ങൾ
​തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടനുസരിച്ച് രജിസ്ട്രേഷൻ നേടിയാണ് സ്പാകളുടെ പ്രവർത്തനം. തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസും പൊലീസ് ക്ലിയറൻസും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതിയും ഫയർഫോഴ്സിന്റെ എൻ.ഒ.സിയും ആവശ്യമാണ്. ഭക്ഷണമോ ശീതളപാനീയങ്ങളോ നൽകുന്നെങ്കിൽ ഭക്ഷ്യസുരക്ഷ ലൈസൻസുമുണ്ടാവണം. തെറാപ്പിസ്റ്റുകളുടെ യോഗ്യതാസർട്ടിഫിക്കറ്റുകൾ സഹിതമാണ് ലൈസൻസിനപേക്ഷിക്കേണ്ടത്. പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുമുണ്ടാവണം. തെറാപ്പിമുറികൾക്ക് സുതാര്യമായ ഗ്ലാസുകളുണ്ടാവണം, റിസപ്ഷനിലും ഇടനാഴികളിലുമടക്കം നിരീക്ഷണക്യാമറകളുണ്ടാവണം, ഉപഭോക്താക്കളുടെ രജിസ്റ്ററുണ്ടാവണം, ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടാവണം. ഈ ചട്ടങ്ങളൊന്നും പാലിക്കാറില്ല.
​അനാശാസ്യം തടയും
​ജീവനക്കാരുടെ സുരക്ഷയുറപ്പാക്കേണ്ടത് ഉടമയുടെ ബാദ്ധ്യതയാക്കും. സ്ത്രീകളുടെ ചിത്രംകാട്ടി ഇടപാടുകാരെ ആകർഷിക്കുന്നത് തടയും
​സമീപത്തെ പൊലീസ് സ്റ്റേഷന്റെയും വനിതാ ഹെൽപ്പ്‌ലൈനുകളുടെയും വിവരങ്ങൾ പ്രദർശിപ്പിക്കണം. ഇടയ്ക്കിടെ പൊലീസിന്റെ മിന്നൽപരിശോധന
​സമൂഹമാദ്ധ്യമങ്ങളിലും പൊതുസ്ഥലത്തുമെല്ലാം ക്രോസ് ‌മസാജെന്ന പരസ്യം പ്രചരിപ്പിക്കുന്നത് തടയും.തെറാപ്പിമുറികളിൽ രഹസ്യക്യാമറകൾ പാടില്ല.ക്രിമിനൽപശ്ചാത്തലമുള്ളവരെ ജീവനക്കാരാക്കരുത്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാവും
​'' സ്പാകളിലെ ലൈംഗിക ചൂഷണം അനുവദിക്കില്ല. ജീവനക്കാരുടെ സുരക്ഷയുറപ്പാക്കാൻ പര്യാപ്തമായ നിയമനിർമ്മാണമാണ് ആലോചിക്കുന്നത്
​രമേശ് ചെന്നിത്തല, ആഭ്യന്തരമന്ത്രി
​''കേരളത്തിന്റെയും ആയുർവേദത്തിന്റെയും പേര് മോശമാക്കുന്നതാണ് സ്പാകളിലെ ഇടപാടുകൾ. സ്പാകളിലെ അനധികൃത കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും
​പി.വിജയൻ, എ.ഡി.ജി.പി, (ക്രമസമാധാനം)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img