
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിൽ വൻ അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നു. നിലവിലെ ബോർഡ് പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിയമിക്കാനുള്ള നടപടികളാണ് സർക്കാർ വേഗത്തിലാക്കുന്നത്. അംഗങ്ങളിൽ ചിലർക്ക് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ സംസ്ഥാന സർക്കാർ വഖഫ് ബോർഡ് പുനസംഘടിപ്പിക്കാനൊരുങ്ങുന്നത്.
നിലവിലെ ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കും സർക്കാർ പരിഗണിക്കുന്നുണ്ട്. ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അംഗങ്ങളെ ഒഴിവാക്കിയുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കാനാണ് നീക്കം.
പുതിയ ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെയും ഉൾപ്പെടുത്തും. സുപ്രീം കോടതിയിലെ കേസിലെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ നിയമനങ്ങളെന്നാണ് സർക്കാർ നിലപാട്.
കഴിഞ്ഞ മാർച്ചിലാണ് കെ.എസ്. ഹംസയെ വഖഫ് ബോർഡ് ചെയർമാനായി നിയമിച്ചത്. നിലവിലെ അംഗങ്ങൾക്ക് നാലര വർഷത്തോളം കാലാവധി ശേഷിക്കെയാണ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം. ഇതോടെ വഖഫ് ബോർഡിലെ സർക്കാർ ഇടപെടൽ വീണ്ടും ശ്രദ്ധേയമാകുകയാണ്.
അതേസമയം, ബോർഡിലെ മുത്തവല്ലി അംഗം ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിലും സർക്കാരിന് അതൃപ്തിയുണ്ടെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ നടപടികൾ ഇതിനകം സജീവമായതായാണ് സൂചന.










