09:03pm 10 November 2026
NEWS
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടികളുമായി സർക്കാർ; സ്കൂളുകളിൽ ഹെൽപ് ബോക്സ് സ്ഥാപിക്കും
09/08/2025  10:52 AM IST
സുരേഷ് വണ്ടന്നൂർ
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടികളുമായി സർക്കാർ; സ്കൂളുകളിൽ ഹെൽപ് ബോക്സ് സ്ഥാപിക്കും

തിരുവനന്തപുരം: കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർമപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി, വീട്ടിൽ ദുരനുഭവങ്ങൾ നേരിടുന്ന കുട്ടികൾക്ക് രഹസ്യമായി പരാതിപ്പെടാനായി സ്കൂളുകളിൽ ഹെൽപ് ബോക്സുകൾ സ്ഥാപിക്കും.
കുട്ടികളുടെ പേര് വെളിപ്പെടുത്താതെ പരാതികൾ എഴുതിയിടാൻ ഇതിലൂടെ സാധിക്കും. പ്രധാനാധ്യാപകൻ ആഴ്ചതോറും ഈ പരാതികൾ പരിശോധിച്ച് നടപടിയെടുക്കണം. ഗുരുതരമായ പരാതികൾ സർക്കാരിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
കണക്കെടുപ്പ് നടത്തും
രണ്ടാനമ്മമാരുടെയും രണ്ടാനച്ഛന്മാരുടെയും സംരക്ഷണയിൽ കഴിയുന്ന കുട്ടികളുടെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയായിരിക്കും ഈ കണക്കെടുപ്പ് നടത്തുക. കഴിഞ്ഞ 10 വർഷത്തിനിടെ 43,474 കുട്ടികളാണ് ആക്രമണങ്ങൾക്ക് ഇരയായത്. 282 കുട്ടികൾ കൊല്ലപ്പെടുകയും 13,825 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
ഉടനടി കേസ്
കുട്ടികളെ ഉപദ്രവിക്കുന്ന സംഭവങ്ങളിൽ പൊലീസ് ഉടനടി കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ടും പോക്സോ നിയമവും ഇതിനായി ഉപയോഗിക്കും. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി 'റെസ്പോൺസിബിൾ പേരന്റിങ്' പദ്ധതിയും നടപ്പാക്കും.
ചവറയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
ചവറയിൽ എട്ടുവയസ്സുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിലായി. ദിനേശ് ഭവനിലെ കൊച്ചനിയനാണ് അറസ്റ്റിലായത്. മുത്തശ്ശിയോട് വഴക്കിട്ടതിന് കുട്ടിയെ ശിക്ഷിച്ചതാണെന്നാണ് ഇയാൾ പറയുന്നത്. കുട്ടിയെ ഇപ്പോൾ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ, ആലപ്പുഴയിൽ പിതാവിൻ്റെയും രണ്ടാനമ്മയുടെയും പീഡനത്തിന് ഇരയായ എട്ടുവയസ്സുകാരിയുടെ പിതാവിനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img