07:40am 09 November 2026
NEWS
ജാമ്യക്കാരെ വഞ്ചിച്ച് വായ്പ കുടിശ്ശിക വരുത്തിയാൽ പെൻഷൻ തടയും: ധനകാര്യ വകുപ്പിലെ മുൻ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി സർക്കാർ
02/08/2026  07:57 AM IST
ന്യൂസ് ബ്യൂറോ
ജാമ്യക്കാരെ വഞ്ചിച്ച് വായ്പ കുടിശ്ശിക വരുത്തിയാൽ പെൻഷൻ തടയും: ധനകാര്യ വകുപ്പിലെ മുൻ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി സർക്കാർ

​തിരുവനന്തപുരം: സഹപ്രവർത്തകരെ ജാമ്യം നിർത്തി ലക്ഷങ്ങൾ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങുന്ന രീതിക്ക് വിരാമമിട്ട് സർക്കാർ. വായ്പ തിരിച്ചടവിൽ വഞ്ചന കാണിച്ച ധനകാര്യ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞുവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാന സർവീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.
​2017-ൽ സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് ജോയിന്റ് സെക്രട്ടറിമാരായ മൂന്ന് സഹപ്രവർത്തകരുടെ ജാമ്യത്തിൽ ഇയാൾ 60 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ, 2022-ൽ വിരമിക്കുന്നതുവരെ വായ്പ തിരിച്ചടയ്ക്കാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് സൊസൈറ്റി ജാമ്യക്കാരുടെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കാൻ നടപടി ആരംഭിച്ചതോടെയാണ് ഇവർ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും പരാതിയുമായി സമീപിച്ചത്.
​ബാങ്ക്/സൊസൈറ്റി വായ്പകൾ പെൻഷൻ അല്ലെങ്കിൽ ഗ്രാറ്റുവിറ്റിയിൽ നിന്ന് നേരിട്ട് ഈടാക്കാൻ സർക്കാരിന് അധികാരമില്ലെന്ന സാങ്കേതിക തടസ്സം നിലനിന്നിരുന്നു. എന്നാൽ, സർവീസ് റൂളിലെ ചട്ടം 2എ പ്രകാരം ജീവനക്കാർ പാലിക്കേണ്ട 'നല്ല പെരുമാറ്റം' ലംഘിച്ചതായി വിലയിരുത്തിയാണ് സർക്കാർ അച്ചടക്കസമിതി പെൻഷൻ തടയാൻ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് പി.എസ്.സി (PSC) അംഗീകാരം നൽകി. വായ്പാ ബാദ്ധ്യത പൂർണ്ണമായും തീർക്കുന്ന പക്ഷം തടഞ്ഞുവെച്ച പെൻഷൻ തുക പലിശ സഹിതം തിരികെ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img