02:38pm 10 November 2026
NEWS
തെരുവുപട്ടികൾക്ക് സർക്കാർ വക ബിരിയാണി; ചോദ്യങ്ങളുമായി ബിജെപി എം എൽ എ
14/07/2025  11:15 AM IST
വിഷ്ണുമംഗലം കുമാർ
തെരുവുപട്ടികൾക്ക് സർക്കാർ വക ബിരിയാണി; ചോദ്യങ്ങളുമായി ബിജെപി എം എൽ എ

കർണാടകം: നാലുവർഷത്തിലേറെയായി ബംഗളുരുവിൽ തെരഞ്ഞെടുക്കപ്പെട്ട നഗരസഭ നിലവിലില്ല. നിയമക്കുരുക്ക് മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുനീണ്ടു പോകുന്നത്. ഉദ്യോഗസ്ഥന്മാരെ വെച്ച് സംസ്ഥാനഗവണ്മെന്റ് ബിബി എം പി ( ബ്രഹത് ബംഗളുരു മഹാനഗര പാലികെ) നേരിട്ട് ഭരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനാണ് നഗരഭരണത്തിന്റെ ചുമതല. നഗരത്തിലെ തെരുവുപട്ടികൾക്ക് ബിരിയാണി നൽകാനുള്ള ബിബിഎംപി തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്, ഈ സാഹചര്യത്തിൽ നഗരത്തിൽ നിന്നുള്ള ബിജെപി എം എൽ എ മാരിൽ ഒരാളായ സി കെ രാമമൂർത്തി. "പൊതുപണം ധൂർത്തടിച്ച് തെരുവുപട്ടികൾക്ക് ബിരിയാണി വിതരണം ചെയ്യാനുള്ള പദ്ധതിയിലൂടെ ഭരണത്തിലിരിക്കുന്നവർ ബ്രാൻഡ് ബംഗളുരു ബിരിയാണി ബംഗളുരു ആക്കിമാറ്റുകയാണ്. ആരാണ് ഈ തലതിരിഞ്ഞ പദ്ധതിയ്ക്ക് പിന്നിലെന്ന് ബിബി എം പി കമ്മീഷണറോ നഗരവികസന മന്ത്രിയോ വ്യക്തമാക്കണം" രാമമൂർത്തി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. " തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് ഞങ്ങൾ എതിരല്ല. എൻജിഒകളും ഹോട്ടലുടമകളും ഉദാരമതികളായ നഗരവാസികളുമൊക്കെ അത് എത്രയോ കാലമായി ചെയ്തുപോരുന്നുണ്ട്. എന്നാൽ നികുതിദായകരുടെ പണമെടുത്ത് പട്ടികൾക്ക് ബിരിയാണി നൽകാനുള്ള തീരുമാനത്തെയാണ് ഞങ്ങൾ എതിർക്കുന്നത്" അദ്ദേഹം പറഞ്ഞു. 2023 ലെ കണക്കനുസരിച്ച് നഗരസഭാപരിധിയിൽ നാലുലക്ഷത്തോളം തെരുവുനായ്ക്കളുണ്ട്. ചില ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം ദുസ്സഹമാണ്. ഈ പട്ടികൾക്ക് വാക്സിനേഷൻ, സ്റ്റെറിലൈസേഷൻ എന്നിവ കൃത്യമായി നൽകാനാണ് ബിബി എം പി ശ്രദ്ധിക്കേണ്ടത്".  "പാവപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകാൻ ഗവണ്മെന്റ് നീക്കിവെക്കുന്നത് 12 രൂപ 45 പൈസയാണ്. ബംഗളുരുവിലെ തെരുവുപട്ടികൾക്ക് ബിരിയാണി നൽകാനാകട്ടെ 22 രൂപയും. പാവപ്പെട്ട വിദ്യാർത്ഥികളേക്കാൾ പരിഗണന തെരുവുപട്ടികൾക്ക് നൽകുന്നത് അക്ഷന്തവ്യമാണ്. അതുപോലെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ബിരിയാണി 500 പട്ടികൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. എന്താണ് ഈ വിവേചനത്തിന്റെ അടിസ്ഥാനം? എം എൽ എ ചോദിക്കുന്നു. എന്നാൽ തെരുവ് പട്ടികൾക്ക് ബിരിയാണിയല്ല, ചിക്കൻ ചോറാണ് നൽകുകയെന്ന് ബി ബി എം പി കമ്മീഷണർ എസ് വി കിഷോർ വ്യക്തമാക്കി. നഗരപരിധിയിൽ മൂന്നുലക്ഷത്തോളം തെരുവുപട്ടികളുണ്ട്. അതിൽ നാലായിരത്തിനേ ദിവസവും ചിക്കൻ ചോറ് നൽകുകയുള്ളൂ. ഇതിനായി പ്രതിവർഷം2.88 കോടി രൂപയാണ് മാറ്റിവെക്കുന്നത്. ഗതാഗതം, വൃത്തിയാക്കൽ, ഭക്ഷണം എന്നിവയെല്ലാം ചേർത്ത് ഒരു പട്ടിയ്ക്ക് 19 രൂപയാണ് ചെലവാക്കുക. ഭക്ഷണം കിട്ടാതെ അലയുന്ന തെരുവുപട്ടികളാണ് പലപ്പോഴും അക്രമാസക്തരാകുന്നത്. അവയെ പിടികൂടുന്നതിനും ഭക്ഷണവിതരണം ഉപകരിക്കും.2023 ലെ മൃഗ ജനന നിയന്ത്രണ നിയമപ്രകാരം, തെരുവുപട്ടികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടത് നിയമ പ്രശ്നമാറിയ സാഹചര്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്."  കമ്മീഷണർ വിശദീകരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img