
പെരുമുറ്റം രാധാകൃഷ്ണൻ
(സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി)
സമസ്ത നായർ സമാജത്തിന്റെ (എസ്.എൻ.എസ്) ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന ഈ അവസരത്തിൽ എസ്.എൻ.എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാധിരാജ ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറലുമായ പെരുമുറ്റം രാധാകൃഷ്ണനുമായി വള്ളികുന്നം വിദ്യാധിരാജപുരം കേന്ദ്രത്തിൽ 'കേരളശബ്ദ'ത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.
താങ്കളുടെ സംഘടനയുടെ ജില്ലാ സമ്മേളനങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത് നായർ സമുദായത്തോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണെമെന്നാണല്ലോ? എന്താണ് അങ്ങനെ പറയാൻ കാരണം?
നായർ ഉൾപ്പെടെയുള്ള 168 സമുദായങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിക്കുന്ന നിർദ്ദേശങ്ങളടങ്ങിയ ജസ്റ്റിസ് എം. ആർ.ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് രണ്ടു വർഷമായി നിയമസഭയിൽ അവതരിപ്പിക്കാൻ പോലും തയ്യാറാകാതെ സർക്കാർ അവഗണിക്കുകയാണ്. ഒരു കോടി രൂപ ചെലവഴിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് നടപ്പാക്കിയാൽ നായർ സമുദായത്തിലെ പാവപ്പെട്ടവരും കഷ്ടപ്പെടുന്നവരും ഗതിയില്ലാത്തവരുമായ കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉം 15 ഉം അനുശാസിക്കുന്ന തുല്യനീതി നായർ സമുദായത്തിനു ലഭിക്കുന്നില്ലെന്നുള്ളതാണ് ഞങ്ങളുടെ പരാതി. ജസ്റ്റിസ് ഹരിഹരൻനായർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട് ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി നായർ സമുദായത്തിൽ ജനിച്ചതുകൊണ്ടു മാത്രം നിഷേധിക്കുന്ന നയം തിരുത്തിയേ മതിയാവൂ. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘടിതരായ മുസ്ലീം, ക്രിസ്ത്യൻ, ഈഴവ വിഭാഗങ്ങളുടെ വോട്ടുചോർന്നതിന്റെ കാരണമന്വേഷിക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അസംഘടിതരായ നായരെ കണ്ടതായി അറിയുന്നില്ല. നായരുടെ കാര്യം പറയാൻ നായരുടെ പേരു പറഞ്ഞ് ആനുകൂല്യം നേടുന്ന നേതാക്കൾ പോലും തയ്യാറല്ല. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകാത്തതാണ് നായരുടെ ഗതികേട്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നായന്മാരുടെ വോട്ട് എങ്ങോട്ട് പോയെന്നാണ് താങ്കൾ പറയുന്നത്?
തൃശൂരിലെ ക്രിസ്ത്യാനികളുടെ വോട്ട് എങ്ങോട്ടു പോയി? ആലപ്പുഴയിലെ ഈഴവരുടെ വോട്ട് എങ്ങോട്ടു പോയി? മലപ്പുറത്തെ മുസ്ലീങ്ങളുടെ വോട്ട് എങ്ങോട്ട് പോയി? എല്ലാം സംഘടിതമായിപ്പോയെന്നാണ് സി പി എം പറയുന്നത്. എന്നാൽ കേരളത്തിലെ നായന്മാരുടെ വോട്ടെങ്ങോട്ടു പോയെന്ന് ഒരു രാഷ്ട്രീയപ്പാർട്ടികളും ഇവിടെ ചർച്ച ചെയ്തില്ല. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പറഞ്ഞത് എസ്എൻഡിപി യുടെ വോട്ടു ചോരാതെ ഞങ്ങൾ നോക്കുമെന്നായിരുന്നു. എസ്.എൻ.ഡി.പി എന്നു പറഞ്ഞൊരോട്ടുണ്ടോ? കമ്യൂണിസ്റ്റ് പാർട്ടി എന്നു പറഞ്ഞ് വോട്ടില്ലേ? സി പി എമ്മിന് ഈഴവ സമുദായത്തിൽ വോട്ടില്ലേ? സി പി എമ്മിലെ ഈഴവരെങ്ങനെയാണ് എസ്.എൻ.ഡി.പി ക്കാരനാകുന്നത്?
നിലവിലുള്ള സംവരണ വ്യവസ്ഥയെക്കെതിരെ സമരം നടത്താനുള്ള ഉദ്ദേശമുണ്ടോ?
തുല്യനീതിക്കുള്ള അവകാശമാണ് നമ്മുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 14 ഉം 15 ഉം അനുശാസിക്കുന്നത്. മതങ്ങൾക്കും ജാതികൾക്കും സംവരണം നൽകാൻ ഭരണഘടന പറയുന്നില്ല. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജാതികൾക്കു മാത്രമേ സംവരണം നൽകാവൂ എന്നാണ് ഭരണഘടന പറയുന്നത്. ഇസ്ലാം മതക്കാർക്ക് ഇവിടെ 12 ശതമാനവും ഈഴവ സമുദായത്തിന് 14 ശതമാനവും സംവരണം നൽകുന്നുണ്ട്. ക്ലാസിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതിനു പകരം കാസ്റ്റിന്റെ അടിസ്ഥാനത്തിലാണിവിടെ സംവരണം നൽകുന്നത്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട പൗരന്മാരുടെ ഉന്നമനത്തിനുവേണ്ടിയോ പട്ടിക ജാതികൾക്കും പട്ടിക ഗോത്ര വർഗങ്ങൾക്കുവേണ്ടിയോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതിൽ നിന്ന് രാഷ്ട്രത്തെ തടയുന്നതല്ലെന്നാണ് ഭരണഘടനയിൽ പറയുന്നത്. സാമ്പത്തികമായോ സാമൂഹ്യമായോ ഉയർന്നവനെന്നോ താഴ്ന്നവനെന്നോ നോക്കി വേണം സംവരണം നൽകേണ്ടെതെന്നർഥം. ഭരണഘടനയുടെ ആസ്ഥാന തത്വം തുല്യതയാണ്. ആ തുല്യത അനുസരിച്ച് ഇവിടെ ജനിച്ചു വളർന്ന എല്ലാവരെയും തുല്യരായി കാണെണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഭരണഘടന പ്രകാരം പത്തുവർഷത്തേക്കു തുടങ്ങിവച്ച സംവരണം നിർദ്ദിഷ്ട പഠനമോ വിലയിരുത്തലോ നടത്താതെ എഴുപത്തിയഞ്ചു വർഷങ്ങളായി ഇന്നും തുടരുകയാണ്. ഒരിക്കൽ സാമൂഹികവും സാമ്പത്തികവുമായി ഉന്നതി നേടിയാൽ പോലും തുടർന്നും ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്ന കാഴ്ചയാണിവിടെയുള്ളത്. ഒരു ഉദാഹരണം പറയാം. 35 വർഷമായി കൊടിക്കുന്നിൽ സുരേഷ് ഇവിടെ മത്സരിച്ച് എം.പി.യായിട്ടുണ്ട്. കൊടിക്കുന്നിൽ ആദ്യത്തെ തവണ തന്നെ എം.പി.യായപ്പോൾതന്നെ സാമൂഹ്യമായും സാമ്പത്തികമായും ഉന്നതിനേടി. അപ്പോൾ അദ്ദേഹം ജനറൽ കാറ്റഗറിയിലായി കഴിഞ്ഞു. അദ്ദേഹം ഇപ്പോഴും അവകാശപ്പെടുന്നത് പട്ടികജാതിയിൽപ്പെടുമെന്നാണ്. അതുപോലെതന്നെയാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ യുടെ കാര്യവും .
വിദ്യാധിരാജ ഇന്റർനാഷണലിന്റെ പ്രവർത്തനം എങ്ങനെയാണ് സംഘടിപ്പിച്ചിരിക്കുന്നത്?
സമസ്ത നായർ സമാജത്തിന് ദേശത്തും വിദേശത്തുമായി 1146 യൂണിറ്റുകളാണുള്ളത്. 2011-12 ൽ തിരുവാർപ്പ് പരമേശ്വരൻ നായർ പ്രസിഡന്റായിരുന്നപ്പോഴാണ് ഞാൻ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റത്. തുടർന്ന് 2013 ൽ പന്മന തീർഥാടനം നടത്തി. 2014 ൽ ചങ്ങനാശ്ശേരിയിൽ വനിതാ സമ്മേളനം നടത്തി. സമ്മേളനത്തിന് മുനിസിപ്പൽഹാൾ തരാതിരിക്കാനുള്ള നീക്കം ഉണ്ടായെങ്കിലും കോടതി മുഖേനയും അല്ലാതെയുമുള്ള വഴികൾ നോക്കി ഞങ്ങൾ അവിടെത്തന്നെ രണ്ടായിരത്തോളം പേർ പങ്കെടുത്ത സമ്മേളനം നടത്തി. സർക്കാർ നടപടികൾക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്ത ധർണ നടത്തി. അന്താരാഷ്ട്ര തലത്തിൽ ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യദർശനം പ്രചരിപ്പിക്കുക, പാർശ്വവൽക്കരിക്കപ്പെട്ടവരെ കൈ പിടിച്ചുയർത്തുക, പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുക, പട്ടിണി നിർമാർജനം ചെയ്യുക, ആരോഗ്യ ഭക്ഷണത്തിന് ഊന്നൽ നൽകുക, യുവാക്കളുടെയും വനിതകളുടെയും കഴിവിനെ പ്രോത്സാഹിപ്പിക്കുക, വയോധികരെ പുനരധിവസിപ്പിക്കുക തുടങ്ങിയ നിരവധി കർമപദ്ധതികളോടെയാണ് 2023 ഫെബ്രുവരി രണ്ടിന് വിദ്യാധിരാജ ഇന്റർനാഷണലിന് തുടക്കം കുറിച്ചത്. നോർത്ത് അമേരിക്ക, യു.കെ, ദുബായ്, മസ്‌ക്കറ്റ്, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതിന്റെ പ്രവർത്തം വ്യാപിപ്പിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി രണ്ടിന് എറണാകുളം ടൗൺ ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിയിരുന്നു ഉദ്ഘാടനം ചെയ്തത്. ഡോ.ഡി.എം വാസുദേവനാണ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് വള്ളികുന്നം വിദ്യാധിരാജപുരത്ത് ചട്ടമ്പിസ്വാമികളുടെ 25 അടി ഉയരമുള്ള പൂർണകായ പ്രതിമയുടെ അനാച്ഛാദനം സ്വാമിയുടെ സമാധി ശതാബ്ദിയാഘോഷ ദിവസമായിരുന്നു നടത്തിയത്.