09:06am 27 July 2026
NEWS
പണി പാളി പൊതുഭരണ വകുപ്പ്; സി.എ-ക്കാരനെ ചീഫ് സെക്രട്ടറിയാക്കി സർക്കാർ ഉത്തരവ്
08/07/2026  11:07 AM IST
പണി പാളി പൊതുഭരണ വകുപ്പ്; സി.എ-ക്കാരനെ ചീഫ് സെക്രട്ടറിയാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഉദ്യോഗസ്ഥർക്ക് പറ്റിയ ഗുരുതരമായ വാചകപ്പിശക് സെക്രട്ടേറിയറ്റിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയാകുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ (CA) ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കുന്ന തരത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
​ഉത്തരവിലെ ആ 'ട്വിസ്റ്റ്' ഇങ്ങനെ:
പൊതുഭരണ (സർവീസ്-ഇ) വകുപ്പ് ജൂൺ 30-ന് പുറത്തിറക്കിയ സ.ഉ.(സാധാ) നം.3262/2026/GAD ഉത്തരവിലാണ് ഈ വിചിത്രമായ അബദ്ധം സംഭവിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് 1 സി.എ ആയ  പ്രദീപ് കുമാറിനെ സ്ഥലംമാറ്റാനായിരുന്നു തീരുമാനം. എന്നാൽ ഉത്തരവ് ടൈപ്പ് ചെയ്തപ്പോൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ 'തസ്തികയിലെ ഒഴിവിൽ' എന്ന് എഴുതുന്നതിന് പകരം "ചീഫ് സെക്രട്ടറിയുടെ നിലവിലെ ഒഴിവിൽ സ്ഥലംമാറ്റി നിയമിക്കുന്നു" എന്നാണ് രേഖപ്പെടുത്തിയത്.
​"ഭരണഭാഷ-മാതൃഭാഷ" എന്ന തലക്കെട്ടോടെ ഇറങ്ങിയ ഔദ്യോഗിക ഉത്തരവിലാണ് മലയാള ഭാഷാ പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് ഈ വൻ വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നത് കൗതുകമുണർത്തുന്നു.
​ഉടൻ തിരുത്തി, എങ്കിലും ട്രോൾ മഴ!
ഡെപ്യൂട്ടി സെക്രട്ടറി ഒപ്പുവെച്ച് പുറത്തിറങ്ങിയ ഈ ഉത്തരവ് മിനിറ്റുകൾക്കകം തന്നെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായി. അർത്ഥം മാറി മറിഞ്ഞത് ശ്രദ്ധയിൽപ്പെട്ട പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ ഉടനടി തന്നെ തിരുത്തൽ ഉത്തരവ് (Errata) ഇറക്കി തടിയൂരി. എങ്കിലും ഉത്തരവിന്റെ സ്‌ക്രീൻഷോട്ടുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. തിടുക്കത്തിൽ ഉത്തരവുകൾ തയാറാക്കുമ്പോൾ ഉദ്യോഗസ്ഥർ പുലർത്തേണ്ട ജാഗ്രതക്കുറവാണ് ഇത്തരം അബദ്ധങ്ങൾക്ക് കാരണമാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img