11:27am 14 November 2026
NEWS
24 ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ ഉത്തരവ്, 9.6 കോടി അനുവദിച്ചു
14/11/2026  11:13 AM IST
ന്യൂസ് ബ്യൂറോ
24 ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ ഉത്തരവ്, 9.6 കോടി അനുവദിച്ചു

 

 

 

 

തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കുമായി 24 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഇതിനായി 9.6 കോടി രൂപ അനുവദിച്ചു. 21 കാറുകൾ മന്ത്രിമാർക്കും ഒരെണ്ണം ചീഫ് സെക്രട്ടറിക്കും രണ്ടെണ്ണം പ്രോട്ടോക്കോൾ വിഭാഗത്തിനുമാണ്.
ഭൂരിഭാഗം മന്ത്രിമാരും ഉപയോഗിക്കുന്ന കാറുകൾ പഴകിയതാണെന്നും ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണി ചെലവ് വർധിപ്പിക്കുന്നുവെന്നും പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. വി.ഐ.പി. സന്ദർശനങ്ങൾക്ക് നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക ചടങ്ങുകൾ, സമ്മേളനങ്ങൾ, മറ്റു സർക്കാർ പരിപാടികൾ എന്നിവയ്ക്കുള്ള യാത്രാസൗകര്യം ഉറപ്പാക്കാനാണ് പ്രോട്ടോക്കോൾ വിഭാഗത്തിന് രണ്ടു കാറുകൾ നൽകുന്നത്.
വാങ്ങുന്ന സമയത്തെ വാഹനവിലയും ബാധകമായ ചാർജുകളും അനുസരിച്ചായിരിക്കും അന്തിമ ചെലവ്. മത്സരാധിഷ്ഠിത നിരക്ക് ഉറപ്പാക്കി വാഹനങ്ങൾ വാങ്ങാനുള്ള ചുമതല ടൂറിസം വകുപ്പിനാണ്. ഗതാഗത വകുപ്പിന്റെ വാഹനവാങ്ങൽ ശീർഷകത്തിൽനിന്ന് തുക ചെലവഴിക്കാം. ആവശ്യമെങ്കിൽ ധനവകുപ്പ് ടൂറിസം വകുപ്പിന് അധിക തുക അനുവദിക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ ഉത്തരവിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img