
കൊച്ചി: കേരളത്തിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് സ്വന്തമായ തണ്ടപ്പേരോടെ ഭൂനികുതി അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് എട്ട് ലക്ഷത്തിലധികം ഫ്ളാറ്റ് ഉടമകള്‍ക്ക് ഉപകാരപ്രദമാകുമെന്ന് കണ്‍സോഷ്യം ഓഫ് ഫ്ളാറ്റ് ആന്റ് വില്ല ഓണേഴ്സ് അസോസിയേഷന് കേരള (കോഫ് വോക്) ചെയര്മാന് സാജു എബ്രഹാം കേരളശബ്ദത്തോട് പറഞ്ഞു
ഇതുവരെ അവിഭക്ത വിഹിത നിയമപ്രകാരം ഫ്ളാറ്റ് ഉടമകള്‍ക്ക് സ്വന്തമായി തണ്ടപ്പേരില്‍ നികുതിയടച്ച് പോക്കുവരവ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഫ്ളാറ്റ് സമുച്ചയ നിര്‍മാതാക്കളുടെ പട്ടാധാര തണ്ടപ്പേരിലാണ് അവിഭക്ത വിഹിത പ്രകാരം ഫ്ളാറ്റ് ഉടമകള്‍ നികുതി അടച്ചിരുന്നത്. ഇതേതുടര്‍ന്ന് പണം മുടക്കിയ ഫ്ളാറ്റ് ഉടമകള്‍ക്ക് നിയമപരമായി കെട്ടിടമിരിക്കുന്ന സ്ഥലത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ഇല്ലാതിരിക്കുകയും പട്ടാധാര അവകാശം നിര്മാതാക്കളിലായതിനാല് പ്രത്യാഘാതങ്ങള്‍ക്കും ഭാവിയില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ടായിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ഫ്ളാറ്റ് ഉടമകള്‍ക്ക് തണ്ടപ്പേര് അനുവദിക്കുന്നത്. കോഫ് വോക് ഏറ്റെടുത്ത വിഷയം മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ മുമ്പില്‍ എത്തിക്കുകയും പിന്നീട് നിയമ മന്ത്രി, ധനകാര്യ മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി തുടങ്ങിയവരെ ബോധിക്കുകയും ചെയ്തിരുന്നു.
കോഫ് വോക് പ്രതിനിധികളുമായി കൊച്ചിയിലും തിരുവനന്തപുരത്തും റവന്യൂമന്ത്രി രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ മുഖാമുഖത്തില്‍ വിഷയം അവതരിപ്പിച്ചിരുന്നു.









