
മലപ്പുറം: ഭിന്നശേഷിക്കാരോടുള്ള പെരുമാറ്റത്തിൽ സർക്കാർ ഉദ്യോഗസ്ഥർ വിനയവും സഹാനുഭൂതിയും ഉത്തരവാദിത്വബോധവും പ്രകടിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ. ബൈജൂനാഥ്.
സർക്കാർ ഓഫീസുകളിൽ സമത്വാവകാശം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തങ്ങൾ ജനസേവകരാണെന്ന അടിസ്ഥാന ഉത്തരവാദിത്വം മിക്ക ഉദ്യോഗസ്ഥരും മറക്കുന്നതായും കമ്മീഷൻ വിലയിരുത്തി. ഭിന്നശേഷിയുള്ള വ്യക്തിയെ അവഗണിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2024 ജൂലായ് 26 ന് പുതുപൊന്നാനി അഴിമുഖത്ത് മണൽ തിട്ട നീക്കം സംബന്ധിച്ച് അന്വേഷിക്കാൻ ചെന്ന വിവരാവകാശ പ്രവർത്തകനായ തന്നെ പൊന്നാനി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെന്നാനി മുക്കാടി സ്വദേശി എ.കെ. കരീം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം മനപൂർവമല്ലെങ്കിലും പരാതിക്കാരന് നേരിട്ട മനോവിഷമം കണക്കിലെടുത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ റിപ്പോർട്ടിൽ അറിയിച്ചു. എന്നാൽ ഭിന്നശേഷി എന്ന ആനുകൂല്യം പൊതുകാര്യങ്ങൾക്കായി പരാതിക്കാരൻ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കമ്മീഷനെ അറിയിച്ചു. ഉദ്യോഗസ്ഥന്റെ പെരുമാറ്റം മാനവികതയെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Photo Courtesy - Google











