10:04am 27 August 2026
NEWS
മോഡിഫിക്കേഷനിൽ സർക്കാരിന് 'യു-ടേൺ': ആഗ്രഹിച്ചതൊന്ന്, കിട്ടിയത് പണി; വരുന്നത് വൻ പിഴ
27/08/2026  08:39 AM IST
നിയമകാര്യ ലേഖകൻ
മോഡിഫിക്കേഷനിൽ സർക്കാരിന് യു-ടേൺ: ആഗ്രഹിച്ചതൊന്ന്, കിട്ടിയത് പണി; വരുന്നത് വൻ പിഴ

തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആലോചനകൾക്ക് തിരിച്ചടി. അനധികൃത രൂപമാറ്റങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലെ പ്രഖ്യാപനം നടപ്പിലാക്കാനാകില്ലെന്ന് വ്യക്തമായിട്ടുണ്ട്.
​ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. വാഹനത്തിൽ കണ്ടെത്തുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും നിയമപ്രകാരമുള്ള പിഴ ഈടാക്കാനും തുടർനടപടികൾ സ്വീകരിക്കാനുമാണ് ഉത്തരവ്.
​സീറ്റ് കവർ മാറ്റിയാലും കുരുക്ക്
​നേരത്തെ സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റീയറിങ് വീൽ കവർ തുടങ്ങി 18 തരം മാറ്റങ്ങൾ അനുവദിക്കാമെന്ന് കാണിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവോടെ ഇതിന്റെ സാധുത ഇല്ലാതായി. വാഹനം നിർമ്മിച്ച് പുറത്തിറക്കുമ്പോൾ ഉള്ളതിൽ നിന്ന് വ്യത്യസ്തമായി വരുത്തുന്ന ഏതൊരു രൂപമാറ്റവും കുറ്റകരമാണ്. എന്നാൽ, തകരാറുകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സ്വാഭാവിക മാറ്റങ്ങൾക്ക് ഇത് ബാധകമല്ല.
​റീൽസ് പ്രേമികൾക്കും പണി
​അടുത്തിടെ അടൂരിൽ മോഡിഫൈ ചെയ്ത ജീപ്പിന് പെറ്റിയിട്ട രണ്ട് എംവിഡി ഉദ്യോഗസ്ഥരെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ടയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിനാണ് പെറ്റി അടിച്ചതെന്നായിരുന്നു പരാതി. എന്നാൽ, ഈ വാഹനം മോഡിഫൈ ചെയ്ത് റീൽസ് ചിത്രീകരണത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് എംവിഡിയുടെ വാദം. റീലുകൾക്കായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ പ്രത്യേക നിയമനടപടി സ്വീകരിക്കാൻ കമ്മിഷണറുടെ സർക്കുലറിലുണ്ട്.
​പ്രധാന നിർദ്ദേശങ്ങളും പിഴയും
​പൂർവ്വസ്ഥിതിയിലാക്കണം: പിഴ ഈടാക്കിയ ശേഷം വാഹനം പഴപടിയിലാക്കി പരിശോധനയ്ക്ക് ഹാജരാക്കണം. ഉദ്യോഗസ്ഥർ എടുത്ത നടപടികൾ സെപ്തംബർ 3-ന് മുൻപ് കമ്മിഷണറെ അറിയിക്കണം.
​ടയറുകൾ മാറിയാൽ: ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന ഓരോ ടയറിനും 5,000 രൂപ വീതം പിഴ. നാല് ടയറും മാറിയാൽ 20,000 രൂപ അടയ്ക്കണം.
​അധിക ലൈറ്റുകളും എയർ ഹോണും: നിർമ്മാതാക്കൾ നൽകിയതിനേക്കാൾ അധികമായി ഘടിപ്പിക്കുന്ന ഓരോ ലൈറ്റിനും എയർ ഹോണുകൾക്കും 5,000 രൂപ വീതമാണ് പിഴ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img