
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വിവിധ മേഖലകളെ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ വൻ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി. സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻക്കാരും ഏറെ നാളായി കാത്തിരുന്ന ഡിഎ കുടിശികയുടെ ഒരു ഗഡു (4%) നവംബർ മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് ആയിരം രൂപ വീതം സഹായധനം നൽകും. സംസ്ഥാനത്ത് 33 ലക്ഷത്തിലധികം സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
യുവാക്കൾക്കായി പുതിയ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കും.
ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കും. ഇതുവരെയുള്ള കുടിശികയും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപയായി ഉയർത്തും, കുടിശികയും തീർക്കും. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം ആയിരം രൂപ വർധിപ്പിക്കും.
ഗസ്റ്റ് ലക്ചർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ ഉയർത്തും.
കർഷകർക്ക് ആശ്വാസമായി റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തി. നവംബർ 1 മുതൽ ഇതിന് പ്രാബല്യം ലഭിക്കും.
അതോടൊപ്പം നെല്ലിന്റെ സംഭരണ വില 28.20 രൂപയിൽ നിന്ന് 30 രൂപയായി വർധിപ്പിക്കാനും തീരുമാനിച്ചു.
വിവിധ വിഭാഗങ്ങളെയും തൊട്ടുകൊണ്ടുള്ള ഈ പ്രഖ്യാപനങ്ങൾ സംസ്ഥാന സർക്കാർ സാമൂഹികക്ഷേമത്തോടൊപ്പം സാമ്പത്തിക ഉണർവ് ലക്ഷ്യമിടുന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.











